22 പേരുമായി നേപ്പാൾ വിമാനം തകർന്നു,​ വിമാനം വീണത് ദുർഘടമായ പർവതപ്രദേശത്ത്

Monday 30 May 2022 12:57 AM IST

 രക്ഷാപ്രവർത്തകർക്ക് 12 മണിക്കൂർ നടക്കണം

കാഠ്മണ്ഡു: നാലംഗ ഇന്ത്യൻ കുടുംബവും മൂന്ന് ജീവനക്കാരും ഉൾപ്പെടെ 22 പേരുമായി പറന്ന നേപ്പാളിലെ സ്വകാര്യ ഏജൻസി വിമാനം തകർന്നു വീണു. ദുർഘടമായ അപകടസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്താൻ വൈകുന്നതിനാൽ ആളപായം അറിവായിട്ടില്ല.

മുംബയിലെ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി,​ ഭാര്യ വൈഭവി ബണ്ടേക്കർ ത്രിപാഠി, മക്കളായ ധനുഷ് ത്രിപാഠി,​ ഋതിക ത്രിപാഠി എന്നിവരും രണ്ട് ജർമ്മൻകാരും മൂന്ന് ജീവനക്കാരുൾപ്പെടെ 16 നേപ്പാളികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പ്രഭാകർ പ്രസാദ് ഗിമിരെ ആണ് ക്യാപ്റ്റൻ. കോ- പൈലറ്റ് ഉത്സവ് പൊഖ്‌റേൽ,​ എയർ ഹോസ്റ്റസ് കിസ്‌മി ഥാപ്പ എന്നിവരാണ് മറ്റ് ജീവനക്കാർ.

നേപ്പാളിലെ താര എയർ എന്ന സ്വകാര്യ ടൂറിസ്റ്റ് ഏജൻസിയുടെ ഇരട്ട എൻജിൻ വിമാനം ഓട്ടർ 9 എൻ - എ. ഇ. ടി ആണ് അപകടത്തിൽപ്പെട്ടത്.

നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ നിന്ന് തീർത്ഥാടന - വിനോദ സഞ്ചാര കേന്ദ്രമായ ജോംസമിലേക്ക് പറക്കുമ്പോഴാണ് ദുരന്തം. പൊഖാറയിൽ നിന്ന് 9.55ന് ന് ടേക്കോഫ് ചെയ്‌ത വിമാനം പതിഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ റേഡിയോ ബന്ധം നഷ്ടപ്പെട്ട് അപ്രത്യക്ഷമായി. മുസ്താങ് ജില്ലയിലെ ജോംസം വിമാനത്താവളത്തിൽ 10.15ന് ലാൻഡ് ചെയ്യേണ്ടതായിരുന്നു. അതിന് അഞ്ച് മിനിട്ട് മുമ്പാണ് വിമാനം കാണാതായത്. മുസ്താങ് ജില്ലയിലെ ലാനിംഗ്ച്ഗോള പർവതപ്രദേശത്ത് കത്തുന്ന നിലയിൽ വിമാനം കണ്ടെത്തിയെന്ന് നേപ്പാൾ ആർമി മേജർ ബാബുറാം ശ്രേഷ്ഠ അറിയിച്ചു.

വിമാനത്തെ കണ്ടെത്താൻ രണ്ട് ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ട്. നേപ്പാൾ സൈന്യവും പൊലീസും രക്ഷാദൗത്യം തുടങ്ങി. അപകടസ്ഥലത്തിന് സമീപമുള്ള നദിക്കരയിൽ പത്ത് നേപ്പാൾ സൈനികരുമായി ഒരു കോപ്റ്റർ ലാൻഡ് ചെയ്‌തിട്ടുണ്ട്. പൈലറ്റിന്റെ മൊബൈൽ ഫോൺ ജി.പി.എസ് വഴി ട്രാക്ക് ചെയ്‌താണ് വിമാനം വീണ സ്ഥലം മനസിലാക്കിയത്. ഏഴായിരത്തിലേറെ അടി ഉയരത്തിലുള്ള ലെതെ ചുരത്തിൽ നിന്ന് 12 മണിക്കൂർ നടന്നാലേ അപകടസ്ഥലത്ത് എത്തുകയുള്ളൂ. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകൾക്കും നിരീക്ഷണം പറ്റുന്നില്ല.

സഞ്ചാരികളുടെ പറുദീസ,

അപകടങ്ങളുടെയും....

എവറസ്റ്റ് ഉൾപ്പെടെയുള്ള പർവതങ്ങൾ കാണാനും ട്രക്കിംഗിനുമായി സഞ്ചാരികൾ പ്രവഹിക്കുന്ന രാജ്യമാണ് നേപ്പാൾ. പ്രധാനപ്പെട്ട ട്രക്കിംഗ് റൂട്ടുകൾ തുടങ്ങുന്ന സ്ഥലമാണ് ജോസം. ചെറുവിമാനങ്ങളിൽ ഇത്തരം സഞ്ചാരികളുമായി ഹ്രസ്വമായ പറക്കലുകൾ നടത്തുന്ന നിരവധി സ്വകാര്യ വിമാന കമ്പനികളുണ്ട്. പ്രവചിക്കാനാവാസ്ഥ കാലാവസ്ഥ കാരണവും ദുർഘടമായ പർവതങ്ങളിൽ ഇടിച്ചും ഇത്തരം വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. നിരവധി ഇന്ത്യൻ സഞ്ചാരികൾ മരണമടഞ്ഞിട്ടുണ്ട്.

2011 സെപ്റ്റംബർ - നേപ്പാളിന്റെ ഔദ്യോഗിക വിമാനസർവീസായ ബുദ്ധ എയറിന്റെ ബീച്ച്ക്രാഫ്റ്റ് വിമാനം കാഠ്മണ്ഡുവിന് സമീപം തകർന്ന് 10 ഇന്ത്യക്കാർ മരിച്ചു

2012 മേയ് - ജോംസമിന് സമീപം ഡോർണിയർ വിമാനം പർവതത്തിൽ ഇടിച്ച് തകർന്ന് 13 ഇന്ത്യക്കാർ മരിച്ചു

2013 ജനുവരി - ബുദ്ധ എയർ വിമാനം കാഠമണ്ഡുവിന് സമീപം പർവതത്തിൽ ഇടിച്ചു തകർന്ന്,​ എവറസ്റ്റ് കാണാൻ പോയ 10 ഇന്ത്യക്കാർ മരിച്ചു

2019 ജൂൺ - ജോംസമിൽ വിമാനം തകർന്ന് 10 ഇന്ത്യക്കാർ മരിച്ചു.

Advertisement
Advertisement