കൽക്കരി സംഭരിക്കാൻ ഇറക്കുമതിക്ക് കോൾ ഇന്ത്യ

Monday 30 May 2022 12:02 AM IST

ന്യൂഡൽഹി:ഇറക്കുമതിയിലൂടെ കോൾ ഇന്ത്യ കൽക്കരി സംഭരിക്കും. ഇതിലൂടെ കൽക്കരി ക്ഷാമം പരിഹരിക്കാനാണ് ഖനന മന്ത്രാലയത്തിന്റെ നീക്കം. ഇതോടെ സംസ്ഥാനങ്ങൾ കൽക്കരി ഇറക്കുമതി ചെയ്യേണ്ടെന്നും സംസ്ഥാനങ്ങളുടെ ടെണ്ടർ നടപടി നിർത്തിവയ്ക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകി.

2015 ന് ശേഷം ആദ്യമായാണ് കേന്ദ്രം കൽക്കരി ഇറക്കുമതി ചെയ്യുന്നത്.

താപവൈദ്യുത നിലയങ്ങൾ, സംസ്ഥാനങ്ങൾ, സ്വതന്ത്ര ഊർജോല്പാദക സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള കൽക്കരി കോൾ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ, കോൾ ഇന്ത്യ സെക്രട്ടറി, ചെയർമാൻ എന്നിവർക്ക് ഊർജ്ജ വകുപ്പ് കത്ത് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. കഴിഞ്ഞ മാസം രാജ്യത്ത് ആറ് വർഷത്തെ രൂക്ഷമായ കൽക്കരി ക്ഷാമമാണ് ഉണ്ടായത്. സംസ്ഥാനങ്ങളിലെ ഊർജ്ജ ഉല്പാദനത്തെ ഇത് ബാധിച്ചിരുന്നു.