രാജിസന്നദ്ധത അറിയിച്ച് പ്രോ വൈസ് ചാൻസലറും

Monday 30 May 2022 12:02 AM IST
കണ്ണൂർ സർവകലാശാല

കണ്ണൂർ: പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിഞ്ഞതിനു ശേഷവും കണ്ണൂർ സർവകലാശാലയുടെ തലപ്പത്ത് പടലപ്പിണക്കം തുടരുന്നു. പരീക്ഷാ കൺട്രോളർക്കു പിന്നാലെ പ്രോ വൈസ് ചാൻസലറായ സാബു എ. ഹമീദാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് രാജിസന്നദ്ധത അറിയിച്ച് കത്ത് നൽകിയത്. വി.സിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇദ്ദേഹം സ്ഥാനമൊഴിയാൻ കാരണമെന്നാണ് സൂചന.

സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചെയർമാൻ കൂടിയായ പി.വി.സിയെ അറിയിക്കാതെയും ബോധ്യത്തിലെടുക്കാതെയും തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. സിൻഡിക്കേറ്റാണ് പാലയാട് കാമ്പസിലെ പ്രൊഫസറായ സാബു. എ ഹമീദിനെ പ്രോ വൈസ് ചാൻസലറായി നിയമിച്ചത്. ഇടത് അനുകൂലിയായ അദ്ദേഹം വി.സി രണ്ടാം ടേമിൽ തുടർന്നപ്പോൾ വീണ്ടും തൽസ്ഥാനത്ത് തുടരുകയായിരുന്നു. വൈസ് ചാൻസലൻ പാർശ്വവർത്തികളായ ചില സിൻഡിക്കേറ്റ് അംഗങ്ങളെ മാത്രം വിശ്വാസത്തിലെടുത്ത് ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന അതൃപ്തി സർവകലാശാലയിലെ ഇടത് അനുകൂലികൾക്കും സംഘടനയ്ക്കുമുണ്ട്. പരീക്ഷാകൺട്രോളർ ഡെപ്യൂട്ടേഷൻ മതിയാക്കി പോയതും ഇതിന്റെ ഭാഗമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

സർവകലാശാലയുടെ തലപ്പത്തുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനും സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർവകലാശാല ഭരണം.

Advertisement
Advertisement