മുഖ്യമന്ത്രിയുടെത് കപടനിലപാട്: കെ.കെ രമ

Monday 30 May 2022 12:05 AM IST
കണ്ണൂർ ഗുരു ഭവനിൽ നടന്ന കേരള മഹിളാ ഫെഡറേഷൻ ജില്ലാ സമ്മേളനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന കപട നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് കെ.കെ. രമ എം.എൽ.എ കുറ്റപ്പെടുത്തി. വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ കൊലപാതകത്തിലും, അപരാജിതക്കെതിരായ സംഭവങ്ങളിലും ഈ നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. കണ്ണൂർ ഗുരു ഭവനിൽ നടന്ന കേരള മഹിളാ ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ.

നീതിക്കു വേണ്ടി കോടതിയെ വീണ്ടും സമീപിച്ച അപരാജിതയെ തൃക്കാക്കര തിരഞ്ഞെടുപ്പിന് മുൻപ് തന്റെ മുന്നിലെത്തിച്ച് കപടത ആവർത്തിക്കുന്നതിൽ മുഖ്യമന്ത്രി വിജയിച്ചു. പക്ഷേ മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വസിച്ച വാളയാർ അമ്മയ്ക്ക് തലമുണ്ഡനം ചെയ്ത് സമരം തുടരേണ്ടി വന്നുവെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് കിറ്റ് കൊടുത്തും ഒന്നര മണിക്കുർ ടി.വി. പ്രഭാഷണം നടത്തിയും സാധാരണക്കാരന്റെ ദൈന്യത മുതലെടുത്താണ് രണ്ടാം പിണറായി സർക്കാർ പിറവിയെടുത്തതെന്ന് കെ.കെ. രമ ആരോപിച്ചു.

കെ.എം.എഫ് ജില്ലാ പ്രസിഡന്റ് കെ. ജയശ്രീ അദ്ധ്യക്ഷയായി. സംസ്ഥാന അദ്ധ്യക്ഷ കാഞ്ചന മാച്ചേരി, ജില്ലാ സെക്രട്ടറി കെ. ഓമന, സി.എം.പി അസി. സെക്രട്ടറി സി.എ. അജീർ, ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ, എൻ.സി. സുമോദ്, ബി. സജിത് ലാൽ, കെ.വി. ഉമേഷ് എന്നിവർ പ്രസംഗിച്ചു. 'താളം തെറ്റുന്ന കുടുംബ ബഡ്ജറ്റ്' എന്ന വിഷയത്തിൽ ഡോ. വിപിൻ ചന്ദ്രൻ ക്ലാസെടുത്തു. ഭാരവാഹികൾ: കെ. സുജാത (സെക്രട്ടറി), കെ. ഉഷ (പ്രസിഡന്റ്),​ കെ. ശൈലജ, പി.വി ഷീജ (വൈസ് പ്രസിഡന്റ്),​ എം.വി. വിമല, കെ. അഞ്ജന (ജോയിന്റ് സെക്രട്ടറി),​നൂർജഹാൻ സുബൈർ (ട്രഷറർ).

Advertisement
Advertisement