നടനവഴിയിൽ ഇത് രണ്ടാം ജന്മം

Monday 30 May 2022 12:06 AM IST
മണിമേഖല

തലശ്ശേരി: അരങ്ങുകളിൽ തിളങ്ങി നിൽക്കെ, ഇരുപത്തിയഞ്ചാം വയസിൽ ഒരു ഭാഗത്തെ കൈകാലുകൾ ചലന രഹിതമാവുകയും പിന്നീട് ഉയർത്തെഴുന്നേറ്റ് നൃത്തത്തിൽ സജീവമാവുകയും ചെയ്ത മണിമേഖല ടീച്ചറും ശിഷ്യരും ഇന്ന് ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ സന്നിധിയിൽ മോഹിനിയാട്ടം അവതരിപ്പിക്കും. കിടന്നേടത്ത് നിന്ന് ഇളകാൻ പോലും കഴിയാത്ത അവസ്ഥയിൽ നടനമില്ലാത്ത ഒരു ജീവിതം ഈ കലാകാരിക്ക് മരണത്തേക്കാൾ ഭീതിതമായിരുന്നു. ചികിത്സയിലൂടെ ഒടുവിൽ ഒരു വിധം ചലിക്കാനും, സംസാരിക്കാനുമായപ്പോൾ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. 'ഇതുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതാണ് അഭികാമ്യം. ഇതിലുമപ്പുറം വൈദ്യശാസ്ത്രത്തിന് എന്തെങ്കിലും ചെയ്യാനാവുമെന്ന് തോന്നുന്നില്ല.'
എന്നാൽ കഠിനമായ വേദന സഹിച്ച് സാധകം തുടർന്നപ്പോൾ ക്രമേണ നൃത്തച്ചുവടുകൾ സാന്ത്വനമായി മാറി. തുടർന്ന് വീട്ടിൽ വച്ച് നൂറുകണക്കിന് ശിഷ്യർക്ക് മോഹിനിയാട്ടത്തിന്റെ ചുവടുകൾ പകർന്നേകി. നന്നേ ചെറുപ്പത്തിൽ തന്നെ കാലിൽ ചിലങ്കയണിഞ്ഞ, നടന ജീവിതം നിയോഗമായി കണ്ട നങ്ങാരത്ത്പീടികയിലെ 'പ്രണവ'ത്തിൽ മണിമേഖലയ്ക്ക് നടനവഴിയിൽ ഇത് രണ്ടാം ജന്മം തന്നെയാണ്.
തളർന്നു പോയപ്പോൾ, തനിക്ക് ആന്തരികമായ ഉൾപ്രേരണയേകിയ ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുദേവ സന്നിധിയിൽ മണിമേഖല മോഹിനിയാട്ടം അവതരിപ്പിക്കുന്നത് കാണാൻ പ്രതിഭകളുടെ നീണ്ടനിര തന്നെ എത്തിച്ചേരുന്നുണ്ട്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പാലക്കാട്ടില്ലം ശിവപ്രസാദ് നമ്പൂതിരി, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, കഥകളി ആചാര്യൻ കോട്ടക്കൽ രാജ് മോഹൻ, സോപാന സംഗീതജ്ഞൻ ഏലൂർ ബിജു തുടങ്ങിയവർ. ടീച്ചർ മാനേജിംഗ് ട്രസ്റ്റിയായ പ്രാണ അക്കാഡമി ഒഫ് പെർഫോമിംഗ് ആർട്‌സിന്റെ ഉദ്ഘാടനം അന്ന് വൈകിട്ട് 4.30ന് ഗോകുലം ഗോപാലൻ നിർവ്വഹിക്കും.
കരുണൻ മാസ്റ്ററിൽ നിന്നും നടനകലയുടെ ബാലപാഠം ഹൃദിസ്ഥമാക്കിയ മണിമേഖല കലാമണ്ഡലം കലാവതി, ശോഭ എസ്. ആനന്ദ് എന്നിവരിലൂടെയാണ് മോഹിനിയാട്ടത്തിന്റെ ശാസ്ത്രവഴികളും, നാട്യ ശാസ്ത്രത്തിന്റെ കൈവഴികളും സ്വായത്തമാക്കിയത്. കേരളത്തിന് പുറമെ ചത്തീസ്ഗഡ്, ഒറീസ, ചെന്നൈ, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിലും നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കലാമത്സരങ്ങൾക്കും ഗ്രേസ് മാർക്കിനും വേണ്ടിയുള്ള ചെറിയ ലക്ഷ്യത്തിനുമപ്പുറം ദീർഘമായ യാത്രയാകണം തന്റെ ശിഷ്യരുടെ ജീവിത മന്ത്രം

മണിമേഖല

Advertisement
Advertisement