കാട്ടാക്കടയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ മർദ്ദിച്ച് കവർച്ച

Monday 30 May 2022 12:32 AM IST

കാട്ടാക്കട: പട്ടാപ്പകൽ തോക്കു ചൂണ്ടി കേൾവിയും സംസാരശേഷിയും ഇല്ലാത്ത വയോധികയെ മർദ്ധിച്ച് കവർച്ച. കാട്ടാക്കട മുതിയാവിള കളിയകോട് ശാലോം നിവാസിൽ വടകയ്ക്ക് താമസിക്കുന്ന രതീഷിന്റെ ഭാര്യാ മാതാവ് കുമാരിക്കാണ് (56)​ മോഷ്ടാവിന്റെ മർദ്ദനമേറ്റത്. ഞായറാഴ്ച രാവിലെ 7ഓടെയാണ് സംഭവം. രതീഷും ഭാര്യ ജ്യോതിയും പള്ളിയിൽ പോയ സമയത്താണ് മോഷ്ടാവെത്തിയത്. 6,​ 4 വയസുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. കുട്ടികൾ കിടക്കുന്ന റൂമിലേക്ക് പോകുന്നതിനിടെയാണ് കുമാരി മോഷ്ടാവിനെ കണ്ടത്. മുഖംമൂടിയും കൈയുറയും ധരിച്ച മോഷ്ടാവ് ഇവരെ കണ്ട ഉടനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി കമ്മൽ ഊരിവാങ്ങിയശേഷം വീടിന്റെ പിൻവശം വഴി കടന്നു. മോഷ്ടവ് കടന്ന ഉടനെ കുമാരി അടുത്ത വീട്ടിലെത്തി ആളെ വിളിച്ചുകൊണ്ടു വരികയും രതീഷിനെ വിവരം അറിയിക്കുകയും ചെയ്തു. വീട്ടിൽ കയറിയത് ഒരാളാണെങ്കിലും സംഭവസമയം രണ്ടുപേർ ബൈക്കിൽ പോയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. രതീഷ് പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട കമ്മൽ മുക്കുപണ്ടമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അലമാരയിൽ പണം ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.