മൂളിപ്പറക്കുന്നൂ രോഗം !

Monday 30 May 2022 1:50 AM IST

തൃശൂർ: രാജ്യത്ത് കൊവിഡ് ആദ്യമായി സ്ഥിരീകരിച്ച, തൃശൂരിൽ വെസ്റ്റ് നൈൽ പനിയിൽ ഒരാൾ മരിച്ചതോടെ ജാഗ്രത വിടാതെ ആരോഗ്യവകുപ്പ്. ഇടവിട്ടുള്ള വെയിലും മഴയും വഴിയോരങ്ങളിൽ വ്യാപകമായി മാലിന്യങ്ങൾ കുന്നുകൂടിയതും കൊതുക് ശല്യം രൂക്ഷമാക്കുന്നുണ്ട്.

മലയോര, പ്‌ളാന്റേഷൻ മേഖലയിലാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വെസ്റ്റ് നൈൽ രോഗം കണ്ടെത്താനുള്ള പ്രയാസമാണ് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ ദിവസം മരിച്ച ജോബിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കാൻ സ്വകാര്യ ആശുപത്രികൾക്ക് കഴിഞ്ഞില്ല. രോഗനിർണ്ണയത്തിലുണ്ടായ പാളിച്ചയാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആലപ്പുഴ വൈറോളജി ലാബിൽ മാത്രമാണ് സാമ്പിൾ പരിശോധനയുള്ളത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് അയയ്ക്കുന്ന പരിശോധനാഫലം പെട്ടെന്ന് ലഭിക്കാനും പ്രയാസമാകും. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെയാണ് സാമ്പിൾ ഉടൻ അയച്ച് രോഗം പെട്ടെന്ന് സ്ഥിരീകരിക്കാനായത്. കഴിഞ്ഞവർഷം കാലവർഷക്കാലത്ത് സിക വൈറസ് ബാധയായിരുന്നു ആശങ്ക ഉയർത്തിയത്.

വെസ്റ്റ് നൈൽ ക്യൂലെക്‌സ് കൊതുകുകൾ പരത്തുന്നതാണെങ്കിൽ, ഈഡിസ് കൊതുകുകൾ വഴിയാണ് സിക വൈറസ് രോഗം പകരുന്നത്. ഗർഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുണ്ടാവുന്ന സിക വൈറസ് ബാധ നവജാതശിശുക്കൾക്ക് തലയ്ക്ക് വലുപ്പം കുറയുന്ന വൈകല്യത്തിന് പോലും കാരണമാകാം. വെസ്റ്റ് നൈലും മൂർച്ഛിച്ചാൽ നാഡീസംബന്ധമായ രോഗങ്ങൾക്ക് വഴിയൊരുക്കും.

ചീഞ്ഞളിഞ്ഞ് നഗരം

വേനൽമഴ പെട്ടെന്ന് പെയ്ത് തിമിർത്തതോടെ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനം നഗരത്തിൽ ഫലപ്രദമായില്ല. വഴിയോരങ്ങളിൽ പ്‌ളാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ നിലയിലാണ്. കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ നഗരവാസികൾ പ്രതിഷേധത്തിലാണ്. അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി മതിലിൽ ബോർഡും അവർ സ്ഥാപിച്ചിട്ടുണ്ട്. കോട്ടപ്പുറം പാലത്തിനോട് ചേർന്നുള്ള പൂത്തോളിലേക്കുള്ള വഴിയിലും മാലിന്യം നിറഞ്ഞനിലയിലാണ്. മഴയിൽ ചീഞ്ഞ് റോഡുകളിലേക്കും ഒലിച്ചിറങ്ങുകയാണ്. പടിഞ്ഞാറെക്കോട്ടയിലും ശക്തൻനഗറിലുമെല്ലാം മാലിന്യം കുന്നുകൂടിയിട്ടുണ്ട്.

പ്രതിരോധിക്കാം

രോഗബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് പനിയുണ്ടായാൽ കൂടുതൽ ജാഗ്രത പുലർത്തണം
കൊതുക് വളരാനിടയുള്ള, ശുദ്ധജലം കെട്ടിക്കിടക്കാനിടയുള്ള ഉറവിടങ്ങൾ ഒഴിവാക്കണം.
കൊതുകുകൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം ജലസംഭരണികൾ മൂടണം.
രാത്രിയിൽ പ്രത്യേകിച്ച്, ദേഹം മുഴുവൻ മൂടുന്ന തരത്തിൽ വസ്ത്രം ധരിക്കണം.
കുട്ടികളും ഗർഭിണികളും വയോജനങ്ങളും കൂടുതൽ കരുതലെടുക്കണം.
ഉറങ്ങുമ്പോൾ കൊതുകു വല പോലെയുള്ള പ്രതിരോധമാർഗം സ്വീകരിക്കണം
ആഴ്ചയിൽ ഒരിക്കൽ കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ നടത്തണം

Advertisement
Advertisement