കൊവിഡിൽ ഉറ്റവർ നഷ്ടമായവർക്കൊപ്പം എന്നുമുണ്ടാകും: മോദി

Tuesday 31 May 2022 12:31 AM IST

ന്യൂഡൽഹി: മാതാപിതാക്കളുടെ വാത്സല്യത്തിന് പകരംവയ്ക്കാൻ ഒരു സഹായത്തിനും പിന്തുണയ്ക്കും കഴിയില്ലെങ്കിലും, ഭാരതാംബയും കേന്ദ്ര സർക്കാരും എന്നും ഒപ്പമുണ്ടാകുമെന്നും പി.എം. കെയേഴ്സിലൂടെ രാജ്യം ഇത് നിറവേറ്റുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സ്ഥിതി എത്രമാത്രം ദുരിത പൂർണ്ണമാണെന്ന് തനിക്കറിയാമെന്ന് മോദി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട്, കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മോദി.

കേരളത്തിൽ നിന്ന് 112 കുട്ടികൾക്ക് ധനസഹായം ലഭിച്ചു.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 4,000 രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 മുതൽ 23 വയസു വരെ മാസം തോറും ചെലവിനു പ്രത്യേക സ്റ്റൈപെൻഡുണ്ടാകും. 23 വയസ് ആകുമ്പോൾ മൊത്തം 10 ലക്ഷം രൂപ ലഭിക്കും. വിവിധ പദ്ധതികളിലൂടെ കുട്ടികളുടെ വിദ്യഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ്, അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

'പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ' പദ്ധതി വഴിയാണ് ധനസഹായം നൽകുന്നത്. ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവ നൽകും. വിദ്യാഭ്യാസ വായ്പയ്ക്കും സൗകര്യമുണ്ടാകും. ജില്ലാ മജിസ്‌ട്രേറ്റുമാർക്കാണ് കുട്ടികളുടെ ചുമതല.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർന്നുവെന്നും ഭീകരത, പ്രാദേശികവാദം, അഴിമതി, കുടുംബവാഴ്ച എന്നിവ അവസാനിപ്പിച്ചുവെന്നും മോദി പറഞ്ഞു.

ജൂൺ 14 വരെയാണ് സർക്കാരിന്റെ വാർഷിക ആഘോഷം. 75 മണിക്കൂർ ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 31നു ഷിംലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയും നടക്കും.

പരിപാടിയിൽ സ്‌കൂൾ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പുകളും പി.എം കെയേഴ്സിന്റെ പാസ്ബുക്കും ആയുഷ്മാൻ ഭാരതിന് കീഴിൽ ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു. ചടങ്ങിൽ വനിത,ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും പങ്കെടുത്തു.

Advertisement
Advertisement