ഫസ്റ്റ് ബെല്ലിന് മുന്നേ,​ മോട്ടോർ വാഹനവകുപ്പിന്റെ ശുഭയാത്രാ പാഠം

Monday 30 May 2022 10:23 PM IST

തൃശൂർ: വേനലവധിക്കാലം കഴിഞ്ഞ് നാളെ സ്‌കൂൾ തുറക്കുമ്പോൾ, വിദ്യാർത്ഥികളുടെ യാത്രാസൗകര്യം കാര്യക്ഷമമാക്കാൻ സ്‌കൂൾ ബസുകൾക്ക് 33 കർശന നിർദ്ദേശങ്ങൾ നൽകി മോട്ടോർ വാഹനവകുപ്പ്. കൊവിഡ് പ്രതിസന്ധിയിൽ സ്‌കൂൾ ബസുകൾ കുറഞ്ഞതും സ്വകാര്യബസുകൾ സർവീസ് നിറുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ യാത്രാദുരിതം ഒഴിവാക്കാൻ സ്‌കൂൾ അധികൃതരുടെ ഇടപെടൽ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.


ഓരോ വാഹനത്തിലും അദ്ധ്യാപകനെയോ, അനദ്ധ്യാപകനെയോ റൂട്ട് ഓഫീസറാക്കണം. ഇവർ, സുരക്ഷിത യാത്രയ്ക്കുള്ള നിർദ്ദേശം വാഹനജീവനക്കാർക്കും മാനേജ്‌മെന്റിനും നൽകണം. കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷമേ വാഹനം എടുക്കാവൂ. കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവം രൂപീകരിക്കുന്നതിൽ സ്‌കൂൾവാഹനത്തിലെ ഡ്രൈവർമാർക്കും പങ്കുള്ളതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കണം. വെറ്റിലമുറുക്ക്, ലഹരിവസ്തുക്കൾ ചവയ്ക്കൽ, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ നിയോഗിക്കരുത്. ചെറിയ കുട്ടികളെ കയറാനും ഇറങ്ങാനും ലഗേജ് എടുക്കുന്നതിനും റോഡ് മുറിച്ച് കടക്കാനും ഡോർ അറ്റൻഡർ സഹായിക്കണം. വാഹനം പിറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാകണം. കാമ്പസുകളിലും, കുട്ടികൾ കൂടിനിൽക്കുന്ന സന്ദർഭങ്ങളിലും വാഹനം പിറകോട്ട് എടുക്കുന്നത് തടയണം. സുരക്ഷിതമായ രീതിയിൽ വാഹനത്തിൽ കയറാനും ഇറങ്ങാനും സംവിധാനം ഒരുക്കാൻ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കണം. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. സ്‌കൂൾ അധികൃതരോ അദ്ധ്യാപക രക്ഷാകർത്തൃ പ്രതിനിധികളോ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിന്റെ യാന്ത്രികക്ഷമതയും പരിശോധിക്കണം. ഇടത് ഭാഗത്ത് മലിനീകരണനിയന്ത്രണം, ഇൻഷ്വറൻസ്, ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തണം.

വാഹനത്തിന്റെ പിന്നിൽവേണ്ട നമ്പറുകൾ

ചൈൽഡ് ലൈൻ (1098)
പൊലീസ് (100)
ആംബുലൻസ് (102)
ഫയർഫോഴ്‌സ് (101)
മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പൽ

ശ്രദ്ധിക്കാൻ

സ്‌കൂൾ മേഖലയിൽ പരമാവധി വേഗത: മണിക്കൂറിൽ 30 കിലോമീറ്റർ.
മറ്റ് റോഡുകളിൽ: 50 കിലോമീറ്റർ
സ്പീഡ് ഗവർണറുകൾ: പരമാവധി 50 കിലോമീറ്റർ
ഡ്രൈവർക്ക് പരിചയം: പത്തു വർഷം
ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് : അഞ്ചു വർഷം


യൂണിഫോം നിർബന്ധം


വാഹനങ്ങൾ ഓടിക്കുന്നവർ വെളുത്ത ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് വാഹനത്തിൽ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.

മറ്റ് നിർദ്ദേശങ്ങൾ

ജി.പി.എസ് സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കണം. സുരക്ഷാമിത്ര സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയ ശേഷം സ്‌കൂളും മോട്ടോർ വാഹന വകുപ്പും നടത്തുന്ന ക്യാമ്പുകളിൽ ഹാജരാക്കി സ്റ്റിക്കർ പതിക്കണം.
വാതിലുകളുടെ എണ്ണത്തിന് തുല്യമായ അറ്റൻഡർമാർ (ആയമാർ ) വേണം, സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചാകണം കുട്ടികളെ കയറ്റേണ്ടത്.
12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ട് പേർക്ക് ഇരിക്കാം, കുട്ടികളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്.
കുട്ടികളുടെ പേര്, ക്ലാസ്, വിലാസം, ബോർഡിംഗ് പോയിന്റ്, രക്ഷിതാവിന്റെ വിലാസം, ഫോൺനമ്പർ എന്നിവയുണ്ടാകണം.

Advertisement
Advertisement