കേരളത്തിലെ പുകൾപെറ്റ കാവായ ഇരിങ്ങോൾ കാവിന്റെ വിശേഷമറിയാം

Sunday 30 September 2018 6:14 PM IST

 

 

 

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്താണ് കേരളത്തിലെ ഏറ്റവും വലിയ കാവെന്ന് പ്രസിദ്ധി കൊണ്ട ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്. ഏറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്‌ക്കാണ് ഈ ഭഗവതി ക്ഷേത്രം.

കുന്തിരിക്കം ,കൂവളം , തമ്പകം, വെള്ള പൈൻ, തേക്ക്, ആഞ്ഞിലി, ഏഴിലംപാല, പുന്ന, കരിമ്പന, മരോട്ടി, ആൽ, വാക, കാഞ്ഞിരം, വേപ്പ്, ഞാവൽ എന്നീ വൻമരങ്ങളും തിപ്പലി, കുരുമുളക്, പാതിരി എന്നീ ഔഷധസസ്യങ്ങളും തത്ത, കുയിൽ, പരുന്ത്, കാലൻ കോഴി, പുള്ള്, നത്ത് എന്നീ പക്ഷികളും പലതരം ജന്തുക്കളും നിറഞ്ഞ ഇരിങ്ങോൾ കാവ് ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയാണ്.

കേരളത്തില മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി  ഇരിങ്ങോൾ കാവിൽ  പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്. മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു. 1945ന്റെ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുകയായിരുന്നു. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല. 1986ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക് പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിന് 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി. പക്ഷേ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ ഉള്ളുവെന്നു കരുതപ്പെടുന്നു.

ക്ഷേത്രത്തിന്റെ ഐതിഹ്യം ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്ന് അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു. എട്ടാമത്തെ പുത്രനെ പ്രതീക്ഷിച്ചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്. ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധയ്‌ക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ കംസന്റെ കൈയിൽ നിന്ന് തെന്നി മാറി കുഞ്ഞ് ആകാശത്തിലേക്കുയർന്ന് ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.

ദേവീ വിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. നെയ്‌ പായസവും ശർക്കര പായസവും,ഗോതമ്പുകൊണ്ട് തയാറാക്കിയ പ്രത്യേകതരം പായസമായ ചതുസ്‌തം എന്നിവയാണ് ക്ഷത്രത്തിലെ പ്രധാന വഴിപാടുകൾ. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധ പുഷ്‌പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറുമില്ല. കാവിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു. അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കില്ല. വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസും അവിവാഹിതരായ യുവതികൾക്ക് മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.