തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ

Wednesday 01 June 2022 3:29 AM IST

തായ്‌പെയ് സിറ്റി : തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിലേക്ക് ചൈനയുടെ 30 യുദ്ധവിമാനങ്ങൾ കടന്നുകയറിയെന്ന് തായ്‌വാൻ. തിങ്കളാഴ്ച നടന്ന സംഭവത്തിന് പിന്നാലെ തങ്ങളും യുദ്ധവിമാനങ്ങൾ വിന്യസിച്ചെന്നും ജനുവരിയ്ക്ക് ശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ കടന്നുകയറ്റമാണിതെന്നും തായ്‌വാൻ പ്രതികരിച്ചു. സുരക്ഷാ സംബന്ധമായ ചർച്ചയ്ക്ക് യു.എസ് കോൺഗ്രസ് പ്രതിനിധികൾ തായ്‌വാനിലെത്തിയ ദിവസം തന്നെയായിരുന്നു ചൈനയുടെ പ്രകോപനവും. പരിശീലന അഭ്യാസങ്ങളെന്ന പേരിൽ തായ്‌വാന് സമീപം ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിദ്ധ്യം സമീപ കാലത്ത് വർദ്ധിച്ചിരിക്കുകയാണ്. തായ്‌വാന്റെ വ്യോമ പ്രതിരോധ മേഖലയുടെ പരിധിയിൽ വരുന്ന പ്രതാസ് ദ്വീപുകളുടെ വടക്ക് കിഴക്കൻ മേഖലയിലൂടെയാണ് ചൈനീസ് യുദ്ധവിമാനങ്ങൾ പറന്നത്. എന്നാൽ, തായ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ല. ഒരു രാജ്യത്തിന്റെ ഭൂപ്രദേശത്തിനും ദേശീയ വ്യോമാതിർത്തിയ്ക്കും പുറത്തുള്ളതും എന്നാൽ, ദേശീയ സുരക്ഷാ താത്പര്യാർത്ഥം വിദേശ വിമാനങ്ങൾ തിരിച്ചറിഞ്ഞ് അവയെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മേഖലയാണ് വ്യോമ പ്രതിരോധ മേഖല ( എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോൺ ). തായ്‌വാൻ തങ്ങളുടെ ഭാഗമാണെന്നും അധികാരത്തിന് കീഴിലാക്കുമെന്നുമാണ് ചൈനയുടെ വാദം.

Advertisement
Advertisement