ഇവിടെയാണോ അന്യഗ്രഹ ജീവികളുടെ വീട് ?

Wednesday 01 June 2022 3:33 AM IST

ന്യൂയോർക്ക് : നമ്മുടെ സങ്കല്പങ്ങൾക്കപ്പുറം എത്രയോ വലുതാണ് ഈ പ്രപഞ്ചം. അങ്ങനെയെങ്കിൽ ജീവനുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമായിരിക്കുമോ ? അതോ ഭൂമിയ്ക്ക് സമാനമായി മറ്റ് ഗ്രഹങ്ങൾ കാണാമറയത്തുണ്ടോ ? അവിടെ മനുഷ്യരെ പോലെയുള്ളവരാകുമോ ? ഇങ്ങനെയൊക്കെ ആലോചിക്കാത്തവർ ചുരുക്കമായിരിക്കും.

ഭൂമിയും സൂര്യനും സൗരയൂഥവും ആകാശഗംഗയും കോടാനുകോടി നക്ഷത്രങ്ങളും ഗ്യാലക്സികളും ഗ്രഹങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെ പോലെ തന്നെ അനന്തമാണ് ഈ ചോദ്യങ്ങളും അവയുടെ ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ ആവേശവും.

ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടി ആരംഭിച്ച ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് നൂതന വഴികളാണ് തുറക്കപ്പെടുന്നത്.

അത്തരത്തിൽ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് യൂണിവേഴ്സിറ്റി ഒഫ് കോപൻഹേഗനിലെ ഗവേഷകർ. സൗരയൂഥത്തിന് പുറത്ത് ബൈനറി നക്ഷത്രങ്ങളെ ( ഗുരുത്വാകർഷണ ബലത്തോടെ പരസ്പരം ഭ്രമണം ചെയ്യുന്നതും പൊതുവായ കേന്ദ്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതുമായ രണ്ട് നക്ഷത്രങ്ങളുടെ വ്യൂഹം ) ചുറ്റുന്ന ഗ്രഹങ്ങളിൽ ജീവനന്റെ സാന്നിദ്ധ്യമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ നിഗമനം.

ഒരൊറ്റ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹ വ്യവസ്ഥകളേക്കാൾ വ്യത്യസ്തമാണ് ബൈനറി നക്ഷത്രങ്ങളെ ചുറ്റുന്നവ. അതിനാൽ, ഇത്തരം ഗ്രഹങ്ങളെ പഠന വിധേയമാക്കണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ബൈനറി വ്യവസ്ഥയിലെ രണ്ട് നക്ഷത്രങ്ങളെ നമുക്ക് ഒന്നായാണ് കാണാനാവുക.

സൂര്യന്റെ വലിപ്പമുള്ള നക്ഷത്രങ്ങളിൽ പകുതിയോളവും ബൈനറി നക്ഷത്രങ്ങളാണ്. ബൈനറി നക്ഷത്രങ്ങളെ വലംവയ്ക്കുന്ന ഗ്രഹങ്ങളുടെ ഉത്ഭവവും വ്യത്യസ്ത രീതിയിലാണെന്നും അന്യഗ്രഹ ജീവികളുണ്ടെങ്കിൽ അവയ്ക്ക് ഇവ വാസയോഗ്യമായേക്കാമെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ നിന്ന് 1,000 പ്രകാശ വർഷം അകലെയുള്ള NGC 1333-IRAS2A എന്ന ബൈനറി നക്ഷത്ര വ്യൂഹത്തെയാണ് ഗവേഷകർ പഠന വിധേയമാക്കിയത്.

Advertisement
Advertisement