നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം: ഹൈക്കോടതി മേൽനോട്ടം ആകാമെന്ന് സർക്കാർ

Thursday 02 June 2022 3:18 AM IST

കൊച്ചി: തന്നെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന നടിയുടെ ആവശ്യത്തോട് എതിർപ്പില്ലെന്ന് സർക്കാർ വ്യക്തമാക്കി. പ്രതികൾ ദൃശ്യം പകർത്തിയ മൊബൈൽ കണ്ടെത്തിയിട്ടില്ല. ഈ ഫോണോ മെമ്മറി കാർഡിലെ ദൃശ്യങ്ങളോ ദിലീപിന്റെ കൈയിലുണ്ടാകാം. തുടരന്വേഷണത്തിൽ ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. ഹർജിക്കാരിയുടെ അഭിഭാഷകയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി പത്തിലേക്ക് മാറ്റി.

ബൈജു പൗലോസിന്റെ സ്റ്റേറ്റ്മെന്റിൽ ചിലത്

 മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ട് 2020 ജനുവരി 29ന് വിചാരണക്കോടതിക്ക് ലഭിച്ചെങ്കിലും 2022 ഫെബ്രുവരി വരെ കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല.

 ഇതുകാരണം 2021 നവംബറിൽ ഫോറൻസിക് വിദഗ്ദ്ധനെ വിസ്തരിച്ചപ്പോൾ ഇക്കാര്യം ചോദിക്കാൻ കഴിഞ്ഞില്ല.

 മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്‌ക്കു നൽകണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെതിരെ അപ്പീൽ നൽകും.

 കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി കൈവശപ്പെടുത്തിയോയെന്ന് അന്വേഷിക്കുന്നുണ്ട്.

 ദിലീപ്, ശരത്, സുരാജ് തുടങ്ങിയവരെ ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കാത്തതിനാൽ വിവരങ്ങൾ ലഭിച്ചില്ല.

 ദൃശ്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രതികൾക്കോ അഭിഭാഷകർക്കോ അവസരം ലഭിച്ചില്ല.

 രാഷ്ട്രീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തി ദിലീപ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.

Advertisement
Advertisement