രാജ്യസഭാമത്സരം കടുത്തു, കോൺഗ്രസ് എം.എൽ.എമാർ റിസോർട്ടുകളിലേക്ക്

Thursday 02 June 2022 12:36 AM IST

ന്യൂഡൽഹി: ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒാരോ രാജ്യസഭാ സീറ്റുകളിൽ മത്സരം കടുത്തതോടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റി സുരക്ഷിതമാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി.

31 എം.എൽ.എമാർ മാത്രമുള്ള ഹരിയാനയിൽ മത്സരിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കനെതിരെ മാദ്ധ്യമമേധാവിയും മുൻ കോൺഗ്രസ് നേതാവിന്റെ മകനുമായ കാർത്തികേയ ശർമ്മയെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയതാണ് കോൺഗ്രസിനെ അലട്ടുന്നത്. രാജസ്ഥാനിൽ സ്ഥാനാർത്ഥിയായ പ്രമോദ്തിവാരിയെ ജയിപ്പിക്കാൻ വോട്ടുകൾ തികയാതെ ബുദ്ധിമുട്ടുന്ന കോൺഗ്രസിന് തലവേദനയായി ബി.ജെ.പി സ്ഥാനാർത്ഥിയും സി ഗ്രൂപ്പ് മേധാവിയുമായ സുഭാഷ് ചന്ദ്രയുമുണ്ട്.

ഹരിയാനയിലെ എം.എൽ.എമാരെ കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റാനാണ് പദ്ധതി. രണ്ടു ദിവസത്തിനകം ഇവരെ നീക്കുമെന്ന് സംസ്ഥാന കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഡൽഹിയിൽ നിന്നുള്ള അജയ്‌മാക്കന് രാജ്യസഭാ സീറ്റു നൽകിയതിനോട് ഹരിയാന കോൺഗ്രസിലെ കുൽദീപ് ബിഷ്ണോയ് അടക്കം ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. ബി.ജെ.പി ഇതു മുതലാക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നു. കോൺഗ്രസ് പാരമ്പര്യമുള്ള കാർത്തികേയ ശർമ്മയ്‌ക്കുള്ള വ്യക്തിബന്ധവും നിർണ്ണായകമാണ്.

രാജസ്ഥാനിൽ പ്രമോദ് തിവാരിയെ ജയിപ്പിക്കാൻ രണ്ടു വീതം സീറ്റുകളുള്ള സി.പി.എം, രാഷ്‌ട്രീയ ലോക് തന്ത്ര്, ഭാരതീയ ട്രൈബൽ പാർട്ടി വോട്ടുകളും 13 സ്വതന്ത്രൻമാരുടെ പിന്തുണയും വേണം. ഇതിൽ സ്വതന്ത്രൻമാരെ ബി.ജെ.പി നോട്ടമിട്ടതാണ് കോൺഗ്രസിനെ വലയ്‌ക്കുന്നത്. സ്വതന്ത്രൻമാരെയും റിസോർട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.

ബ്രിജേഷ് കളപ്പ കോൺഗ്രസ് വിട്ടു

കർണ്ണാടകയിൽ കോൺഗ്രസിന്റെ മാദ്ധ്യമ വക്താവായി തിളങ്ങിയ ബ്രിജേഷ് കളപ്പ രാജിവച്ചു. ആംആദ്‌മി പാർട്ടിയിൽ ചേരുമെന്ന് ബ്രിജേഷ് പറഞ്ഞു. പാർട്ടിക്കു വേണ്ടി ടെലിവിഷൻ ചർച്ചകളിലുൾപ്പെടെ സജീവമായിട്ടും അർഹമായ പരിഗണന ലഭിച്ചില്ലെന്നും പ്രവർത്തിക്കാനുള്ള ആവേശം നഷ്‌‌ടമായെന്നും സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ ബ്രിജേഷ് പറയുന്നു. 1997ലാണ് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന നേതാവ് ജയ്റാം രമേശിനെ രാജ്യസഭാ സ്ഥാനാത്ഥിയാക്കിയതിൽ കർണ്ണാടകയിൽ ഒരു വിഭാഗം നേതാക്കൾ അതൃപ്‌തിയിലാണ്. മഹാരാഷ്‌ട്രയിൽ പി.സി.സി ഭാരവാഹിയായ ആശിഷ് ദേശ്‌മുഖ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Advertisement
Advertisement