സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം : പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് ജാഗ്രതക്കുറവ്

Wednesday 01 June 2022 11:05 PM IST

കണ്ണൂർ: പാർട്ടി ഫണ്ട് കൈകാര്യം ചെയ്തതിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കു ജാഗ്രതക്കുറവുണ്ടായെന്നും മാദ്ധ്യമങ്ങൾക്ക് ഇത്തരം വിഷയങ്ങൾ ചോർത്തി നൽകുന്നതിൽ ചിലർ കാണിച്ച മിടുക്ക് ശരിയായില്ലെന്നും ഇന്നലെ ചേർന്ന സി.പി. എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കെതിരെ വിമർശനമുണ്ടായത്.

ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ഗൗരവം കാണാതെ വീഴ്ചയെ ലഘൂകരിച്ച് നേതൃത്വത്തിന്റെ മുഖം രക്ഷിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന വിമർശനവും യോഗത്തിലുണ്ടായി. ആരോപണ വിധേയരായ നേതാക്കൾക്കുണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ചവരുടേത് വീഴ്ചയാണെന്നുമുള്ള വിലയിരുത്തലിനെതിരെയും വിമർശനമുയർന്നു. ആരോപണ വിധേയരായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലെന്നും പ്രാദേശിക നേതൃത്വത്തിന്റെ തലയിൽ മാത്രം തട്ടിപ്പിന്റെ പാപഭാരം കെട്ടിവയ്ക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട് എന്നിവ കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവ് കാട്ടിയെന്നാണ് പാർട്ടി കമ്മിഷൻ കണ്ടെത്തിയത്. ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ധനസമാഹണത്തിനു വേണ്ടി സി.പി.എം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ വ്യത്യാസം കണ്ടെത്തിയതായും ആക്ഷേപമുയർന്നിരുന്നു. രണ്ട് റസീറ്റ് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതിരുന്നതോടെയാണ് വിഷയം ചില നേതാക്കളുടെ ശ്രദ്ധയിൽപെട്ടത്.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ. ശ്രീമതി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

Advertisement
Advertisement