കളിചിരികൾ തെളിഞ്ഞ് അക്ഷരമുറ്റം

Thursday 02 June 2022 2:00 AM IST

കൊല്ലം: അറിവിന്റെ അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ ഉത്സവാന്തരീക്ഷത്തിൽ മധുരം നൽകിയും അക്ഷരത്തൊപ്പി അണിയിച്ചും ഹൃദ്യമായി വരവേറ്റു.

കൊവിഡ് നിയന്ത്രണങ്ങളിൽ കളിചിരികൾ മാഞ്ഞ സ്കൂൾ അന്തരീക്ഷം രണ്ടുവർഷം മുൻപത്തെ കാഴ്ചകളിലേക്കാണ് മടങ്ങിയത്. നിയന്ത്രണങ്ങളിൽ അയവുണ്ടെങ്കിലും മാസ്കും സാമൂഹിക അകലവും പാലിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. നവാഗതരെ ആകർഷിക്കാൻ വ്യത്യസ്ത ദൃശ്യങ്ങളും കൊടിതോരണങ്ങളും ഒക്കെയായി സ്കൂളുകൾ മത്സരിച്ചു.

നെറ്റപ്പട്ടം കെട്ടി മുത്തുക്കുട ചൂടിനിന്ന ഗജവീരന്മാർ മുതൽ വിവിധ മൃഗങ്ങളുടെ നിശ്ചലദൃശ്യങ്ങൾ വരെ വിസ്മയ കാഴ്ചയായി. പലയിടത്തും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു.

ജില്ലാതല പ്രവേശനോത്സവം മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൊല്ലം ഗവ. ടൗൺ യു.പി.എസിൽ നടന്ന പ്രവേശനോത്സവം സിനിമാ - സീരിയൽ താരം ഇ.എ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റിൻസി മോൾ അദ്ധ്യക്ഷയായി. പ്രഥമാദ്ധ്യാപകൻ ജെ.യേശുദാസൻ സ്വാഗതം പറഞ്ഞു, സീരിയൽ താരം സന്ധ്യ രാജേന്ദ്രൻ പഠനോപകരങ്ങൾ വിതരണം ചെയ്തു.

മഴ മാറിനിന്ന് ആദ്യദിനം

പുത്തനുടുപ്പും ബാഗുമായി കുരുന്നുകളെത്തിയപ്പോൾ പതിവ് തെറ്റിച്ച് മഴ മാറി നിന്നത് ശ്രദ്ധേയമായി. ഒരാഴ്ചയായി കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു സ്കൂളുകൾ. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ തീർത്ത്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചു. സ്കൂൾ പരിസരങ്ങളും ശുചീകരിച്ചു. സ്കൂൾ ബസുകൾ അറ്റകുറ്റപ്പണികൾ തീർത്ത് ഫിറ്റാക്കി. പാചകപ്പുരകളും ഒരുക്കി. കവാടങ്ങളിൽ സ്വാഗത കമാനങ്ങളും ഉയർന്നിരുന്നു.

ജില്ലയിൽ

ആകെ സ്കൂളുകൾ - 949

വിദ്യാർത്ഥികൾ. 2.75 ലക്ഷം

നവാഗതർ - 20,000

Advertisement
Advertisement