വിടപറഞ്ഞത് മീനച്ചിലിന്റെ രാജചൈതന്യം

Friday 03 June 2022 12:00 AM IST

പാലാ. ഇന്നലെ വിടപറഞ്ഞത് മീനച്ചിൽ രാജ്യ ഭരണകർത്താക്കളുടെ പരമ്പരയിലെ ഒടുവിലത്തെ രാജചൈതന്യമാണ്. മീനച്ചിൽ കർത്താക്കളിൽ രാജഭരണവും ജനായത്തഭരണവും ഒരുപോലെ അനുഭവിച്ചറിഞ്ഞു, ഞാവക്കാട്ട് കൊച്ചുമഠത്തിൽ ദാമോദര സിംഹർ ഭാസ്‌കരൻ കർത്താ.

ഒരു കാലത്ത് പാലാ ഉൾപ്പെടുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ രാജാക്കൻമാരായിരുന്നു മീനച്ചിൽ കർത്താക്കൻമാർ. അവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമ്പരയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു ഭാസ്‌കരൻ കർത്താ. കഴിഞ്ഞ ചിങ്ങത്തിലെ ഉത്രാടനാളിലായിരുന്നു ഇദ്ദേഹത്തിന്റെ നൂറാം പിറന്നാൾ.

രാജഭരണ കാലത്തും ജനാധിപത്യ രീതി വപ്പോഴും ഇദ്ദേഹം നാടുഭരിച്ചു. മഹാകവികളായ വള്ളത്തോളും ഉള്ളൂരും ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ മീനച്ചിൽ ഞാവക്കാട്ട് കൊച്ചുമഠത്തിൽ തറവാട്ടിൽ ഭാസ്‌കരൻ കർത്തായുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.

1960 മുതൽ 76 വരെ തുടർച്ചയായി മുത്തോലി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭാസ്‌കരൻ കർത്താ ഒട്ടേറെ വികസന പദ്ധതികൾക്കും തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ്. നാടിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന കർത്താ പ്രായാധിക്യം കാരണം ഏതാനും വർഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു.

കർത്തായുടെ നിര്യാണത്തിൽ എം.പി.മാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എം.എൽ.എ. മാരായ ഉമ്മൻചാണ്ടി, മാണി സി.കാപ്പൻ, മോൻസ് ജോസഫ്, പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ തുടങ്ങിയവർ അനുശോചിച്ചു.

Advertisement
Advertisement