ഗവർണറുടെ തിരക്കിലും എഴുത്ത് ഹരം,​ ശ്രീധരൻ പിള്ളയുടെ 151ാം പുസ്‌തകം 'അന്നാചാണ്ടി'

Friday 03 June 2022 12:00 PM IST

തൃശൂർ: രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിലും അക്ഷരങ്ങളെ സ്‌നേഹിക്കുകയും വായനയും എഴുത്തും ശീലമാക്കുകയും ചെയ്‌ത പി.എസ്. ശ്രീധരൻ പിള്ള ഇപ്പോൾ ഗോവ ഗവർണറുടെ ചുമതലകൾക്കിടയിൽ 151ാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

ഇന്ത്യയിലെ ആദ്യ വനിതാ ജഡ്‌ജി അന്നാ ചാണ്ടിയെക്കുറിച്ചാണ് പുതിയ പുസ്തകം. കോമൺവെൽത്ത് രാജ്യങ്ങളിലെ തന്നെ ആദ്യ വനിതാജഡ്‌ജിയായിരുന്ന അന്നാ ചാണ്ടിയെക്കുറിച്ച് സമഗ്രമായ പുസ്തകം ലഭ്യമല്ല. അവരുടെ ജീവിതം ഒരു പാഠപുസ്തകമാണ്. സ്ത്രീ ശക്തിയെന്ന മാസിക തുടങ്ങിയ അവർ ശ്രീമൂലം സഭയിലേക്ക് മത്സരിച്ചു. അവരെപ്പറ്റിയുള്ള അപൂർവ വിവരങ്ങൾ പുസ്തകത്തിലുണ്ടാവുമെന്ന് ശ്രീധരൻ പിള്ള പറയുന്നു.

മിസോറം ഗവർണറായിരിക്കെ നിരവധി പുസ്തകങ്ങളുടെ രചന തുടങ്ങിവച്ചിരുന്നു. ലോക്ഡൗൺ കാലത്ത് എഴുതാൻ കൂടുതൽ സമയം കിട്ടി. അക്കാലത്ത് എഴുതിയ കഥാ,​ കവിതാ പുസ്തകങ്ങൾ ഈ മാസാവസാനം എം.ടി.വാസുദേവൻ നായർക്ക് നൽകി പ്രകാശനം ചെയ്യും. കഴിഞ്ഞയാഴ്ച തൃശൂരിൽ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ആകാശവീഥിയിലൂടെ, ഗവർണർ അഡ്രസസ് ഗോവ, ചിമ്പായി, ഗോവ വിമോചനവും മലയാളികളും, ഓൺ സോഷ്യൽ ഹാർമണി എന്നിവ.

മൂന്നര പതിറ്റാണ്ടായി ഗ്രന്ഥരചന നടത്തുന്ന ശ്രീധരൻ പിള്ളയുടെ ആദ്യ പുസ്തകം 1987ൽ പ്രസിദ്ധീകരിച്ച 'റെന്റ് കൺട്രോൾ ലാസ് ഇൻ കേരള'യാണ്. പൊതു സിവിൽ കോഡ് എന്ത്, എന്തിന്,​ പുന്നപ്ര വയലാർ കാണാപ്പുറങ്ങൾ,​ ഷാബാനു കേസ് തുടങ്ങിയവ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.

ലാ കോളേജിൽ പഠിക്കുമ്പോഴാണ് എഴുത്തിൽ സജീവമായത്. സ്റ്റുഡന്റ് എഡിറ്ററായിരുന്നു. രാവിലെ നാലിന് എഴുന്നേറ്റ് എഴുത്തിലും വായനയിലും മുഴുകും. അഭിഭാഷകനായിരിക്കെ രാത്രി വൈകിയും പുസ്തകങ്ങൾക്കൊപ്പമായിരുന്നു. നിയമം, സാഹിത്യം, ചരിത്രം, രാഷ്ട്രീയം തുടങ്ങി യാത്രാവിവരണവും നർമ്മവും വരെ രചനാ വിഷയങ്ങളായി. ഏറ്റവും കൂടുതൽ രചിച്ചത് നിയമപുസ്‌തകങ്ങളാണ്.

പുസ്തകങ്ങൾ

നിയമം- 24, സാംസ്‌കാരികം -20, സാമ്പത്തികം-സാമൂഹികം-16, രാഷ്ട്രീയം -16, കവിത- 15, ഫോക് ലോർ-ജീവിതരേഖ- 11, ലേഖനം -15, ചരിത്രം- 7....( ലിസ്റ്റ് അപൂ‌ർണം )​

'എഴുതാതിരിക്കാൻ കഴിയാത്തതിനാലാണ് എഴുതുന്നത്. അതൊരു ശീലമായി. തിരക്കിനിടയിൽ എഴുതുന്നതിനാൽ പൂർണ്ണതയുണ്ടായെന്ന് വരില്ല'.

-ശ്രീധരൻ പിള്ള

Advertisement
Advertisement