ചെറുകിട കയർ ഉത്പാദകർ കടുത്ത പ്രതിസന്ധിയിൽ... 'ഡിപ്പോ"യ്ക്കായി കുരുക്ക് മുറുക്കി കയറ്റുമതിക്കാർ

Friday 03 June 2022 12:56 AM IST

ആലപ്പുഴ : കയർ വ്യവസായ മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കാനായി നിറുത്തലാക്കിയ ഡിപ്പോസമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള കയറ്റുമതിക്കാരുടെ നീക്കം ചെറുകിട ഉത്പാദകരെയും കയർപിരിമേഖലയെയും പ്രതിസന്ധിയിലാക്കുന്നു. കയർ കോർപ്പറേഷനെ നോക്കുകുത്തിയാക്കി, ഉത്പന്നങ്ങൾ സംഭരിക്കുന്ന കയറ്റുമതിക്കാർക്കെതിരെ ചെറുകിട ഉത്പാദക സംഘങ്ങളുടെയും ഉടമകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ മാസം 25 മുതൽ സമരം നടത്തിവരികയാണ്. വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

ചെറുകിട ഉത്പാദകരിൽ നിന്ന് കയർ കോർപ്പറേഷൻ ഉത്പന്നങ്ങൾ സംഭരിച്ചിട്ടുണ്ടെങ്കിലും കയറ്റുമതിക്കാർ ഇവ വാങ്ങാൻ താത്പര്യം കാട്ടുന്നില്ല. ഇതോടെ കോർപറേഷനും ചെറുകിട ഉത്പാദകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. കയർ ഉത്പന്ന മേഖലയിലെ ഓർഡർ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ പരമ്പരാഗത കയർ വ്യവസായ മേഖലയെ തൊഴിലാളികൾ കൈവിടും. കയർകോർപ്പറേഷൻ വഴിയുള്ള സംഭരണം നിലച്ചതോടെ ചെറുകിട കയർ ഉത്പന്ന മേഖലയിലെ സംഘങ്ങളും തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. കയർ കോർപ്പറേഷൻ വഴി സംഭരിച്ച കയർ ഭൂവസ്ത്രം, ചകിരി തടുക്ക്, ചവിട്ടി, കയർപായ് തുടങ്ങിയ 50കോടി രൂപയുടെ ഉത്പന്നങ്ങൾ ഇപ്പോഴും കെട്ടികിടക്കുകയാണ്.

കൂടാതെ, നൽകിയ ഓർഡർ അനുസരിച്ച് ചെറുകിട ഉത്പാദകരുടെ 70കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ വിവിധ ഫാക്ടറികളിൽ കെട്ടികിടക്കുന്നത്. കോർപ്പറേഷൻ പന്ത്രണ്ട് ശതമാനം വിലകുറച്ചാണ് കയറ്റുമതിക്കാർക്ക് ഇവ നൽകുന്നത്. എന്നാൽ, ഇവ വാങ്ങാൻ കയറ്റുമതിക്കാർ കൂട്ടാക്കുന്നില്ല.

ചൂഷണത്തിന്റെ വഴി

കയറ്റുമതിക്കാർ ഏജന്റുമാർ വഴി കയർ ഉത്പന്നങ്ങൾ 20ശതമാനം വില കുറച്ച് സംഭരിച്ച് തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും ചൂഷണം ചെയ്യുന്ന രീതിയാണ് ഡിപ്പോസമ്പ്രദായം. തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും ഉത്പന്നങ്ങൾക്ക് കുറഞ്ഞ വിലയുമാണ് ഇവർ നൽകുന്നത്. നിയമം മൂലം ഇത് നിരോധിക്കാനൻ കഴിയില്ലെങ്കിലും 2008ൽ ജി.സുധാകരൻ കയർ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഡിപ്പോസമ്പ്രദായം പൂർണമായും നിറുത്തലാക്കിയത്. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാരും ഇത് പിന്തുടർന്നു. പിന്നീട് ഡിപ്പോ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോൾ സർക്കാർ നിയന്ത്രിക്കാതിരുന്നതാണ് ഇപ്പോൾ കയറ്റുമതിക്കർ പറയുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ട ഗതികേടിലേക്ക് ഉത്പാദകരെ എത്തിച്ചത്.

വലിയ തൊഴിൽമേഖല

സംസ്ഥാനത്ത് കയർപിരി തൊഴിലാളികൾ..........1,00,000

ചെറുകിട ഉത്പാദക സംഘങ്ങൾ...........................8,000

ഉത്പാദക മേഖലയിലെ തൊഴിലാളികൾ............. 35,000

ജില്ലയിൽ കയർ പിരിതൊഴിലാളികൾ................... 40,000

"കയർ കോർപ്പറേഷനെ നോക്കുകുത്തിയാക്കി ഇടനിലക്കാർ വഴി കയറും കയർ ഇതര ഉത്പന്നങ്ങളും സംഭരിക്കാനുള്ള കയറ്റുമതിക്കാരുടെ നീക്കത്തെ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം. കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ അടിയന്തരമായി സംഭരിക്കണം.

- അഡ്വ. കെ.ആർ.ഭഗീരഥൻ, എം.പി.പവിത്രൻ, കെ.ആർ.രാജേന്ദ്ര പ്രസാദ് (സമരസമിതി ഭാരവാഹികൾ)

Advertisement
Advertisement