മുൻകരുതലുണ്ടേൽ വിളനഷ്ടം പഴംകഥ

Friday 03 June 2022 1:30 AM IST

തൃശൂർ: കാർഷികവിളകളിലെ മഴക്കാല രോഗങ്ങൾക്ക് മുൻകരുതലിനും വിളനഷ്ടം ഒഴിവാക്കാനും നിർദ്ദേശങ്ങളുമായി കാർഷിക സർവകലാശാല. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതിനാൽ വിളകൾക്ക് കുമിൾ രോഗമുണ്ടാകാം. അതിന് അനുസരിച്ച് വിളകളിൽ പരിചരണമുറ വേണമെന്നാണ് നിർദ്ദേശം. കൃഷിസ്ഥലങ്ങളിൽ, പ്രത്യേകിച്ച് നെൽപ്പാടങ്ങളിൽ നീർവാർച്ചയും മണ്ണുസംരക്ഷണവും ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. അഗ്രികൾച്ചർ കലാമിറ്റി മാനേജ്‌മെന്റ് സെല്ലും ഗ്രാമീണ കൃഷി മൗസം സേവ തൃശൂരും ചേർന്നാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

തെങ്ങിന് ഇക്കാലയളവിൽ മണ്ട വൃത്തിയാക്കുക, തടം തുറക്കുക എന്നിവ ചെയ്യണം. കൂമ്പ് ചീയൽ രോഗത്തിന് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെങ്ങിന്റെ മണ്ടയിൽ തളിക്കുക. ട്രൈക്കോഡെർമ്മ കേക്ക് ഒരു തെങ്ങിന് രണ്ടെണ്ണം വീതം കൂമ്പോല കവിളിൽ വച്ചുകൊടുക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.

മറ്റിനങ്ങളും പരിചരണ മുറകളും

വാഴ

500 ഗ്രാം കുമ്മായം കാലവർഷത്തിന് മുമ്പ് ഇടുക. താങ്ങുകാൽ നൽകുക. ഇലപ്പുള്ളിരോഗത്തിന് 20 ഗ്രാം സ്യൂഡാമോണാസ് അല്ലെങ്കിൽ 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയുണ്ടാക്കാം. രോഗബാധയുള്ള ഇലകൾ വെട്ടിമാറ്റി കുഴിച്ചിടുകയോ കുമിൾനാശിനി തളിച്ച് നശിപ്പിക്കുകയോ വേണം. രണ്ട് മില്ലി ഹെക്‌സാകോണാസോൾ അല്ലെങ്കിൽ ഒരു മില്ലി പ്രോപ്പികോണാസോൾ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് രോഗമുള്ള ഇലകളുടെ അടിയിൽ പശ ചേർത്ത് തളിക്കുക.

കുരുമുളക്

ദ്രുത വാട്ടത്തിന് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക. 3ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡ് അല്ലെങ്കിൽ 2ഗ്രാം കോപ്പർ ഹൈഡ്രോസൈഡ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയും തളിക്കുകയും ചെയ്യുക. രണ്ടാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ് ലായനി ഉപയോഗിച്ച് മണ്ണ് കുതിർത്ത് ചെടിയിൽ തളിക്കുക.

സമ്പുഷ്ട ചാണകവളം തയ്യാറാക്കാം

ഒരു കിലോ ട്രൈക്കോഡെർമ,10 കിലോ വേപ്പിൻപിണ്ണാക്ക്, 90 കിലോ ചാണകപ്പൊടി എന്നിവയുടെ മിശ്രിതം നേരിയ ഈർപ്പത്തിനായി രണ്ടാഴ്ച തണലിൽ വച്ച് ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവളം തയ്യാറാക്കാം.

ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ പരിചരണമുറകൾ നാളെ.

Advertisement
Advertisement