രാജ്യത്ത് മോദി തരംഗം എന്നാൽ തീയേറ്ററിൽ പി.എം മോദിക്ക് തണുത്ത പ്രതികരണം

Friday 24 May 2019 2:20 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാർ സംവിധാനം ചെയ്ത 'പിഎം നരേന്ദ്ര മോദി' ഇന്ന് തീയേറ്ററുകളിലെത്തി. രാജ്യമൊട്ടാകെ മോദി തരംഗം അലയടിക്കുന്പോൾ വെള്ളിത്തിരയിലെ മോദിക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ചിത്രം തീയേററുകളിലെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളിൽ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ലെജൻറ് ഗ്ലോബൽപിക്ച്ചേഴ്സ് ചിത്രീകരണം ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു മുന്പ് നിശ്ചയിച്ചിരുന്നത്.

എന്നാൽ ഈ സിനിമ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണമുയർന്നതോടെ റിലീസ് തീയതി നീട്ടിവയ്ക്കേണ്ടി വന്നു. വെള്ളിത്തിരയിൽ വിവേക് ഒബ്രോയിയാണ് നരേന്ദ്ര മോദിയായെത്തുന്നത്.സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.