ജമ്മു കാശ്‌മീരിൽ ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുത്, സുരക്ഷാ വിന്യാസം കൂട്ടാൻ അമിത് ഷായുടെ നിർദ്ദേശം

Friday 03 June 2022 6:41 PM IST

ന്യൂഡൽഹി: സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജമ്മു കാശ്‌മീരിൽ സുരക്ഷാ വിന്യാസം കൂട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നി‌ർദ്ദേശിച്ചു. ജമ്മു കാശ്‌മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് അമിത് ഷായുടെ നിർദ്ദേശം. ഭീകരരുടെ കേന്ദ്രങ്ങൾ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ,​ ജമ്മു കാശ്‌മീർ ലഫ്. ഗവർണർ മനോജ് സിൻഹ,​ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇന്നലെ കുൽഗാമിലെ ഒരു ബാങ്കിൽ അതിക്രമിച്ചു കയറിയ ഭീകരൻ രാജസ്ഥാൻ സ്വദേശിയായ മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പോൺസർ ചെയ്യുന്നഇലാഖാഹി ദേഹാതി ഗ്രാമീണ ബാങ്കിന്റെ അരേ മോഹൻപോറ ശാഖയിലാണ് ഭീകരാക്രമണം നടന്നത്. ഡ്യൂട്ടിയിലായിരുന്ന മാനേജർ വിജയകുമാറിനെ ( 29 ) ഭീകരൻ തൊട്ടടുത്തു നിന്ന് വെടിവച്ച ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.

ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ഷോപ്പിയാനിൽ സൈനിക വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിരുന്നു.