ദാഹജലത്തിനായി കിണറിന്റെ ആഴത്തിലേക്കിറങ്ങി സ്ത്രീകൾ

Saturday 04 June 2022 12:57 AM IST

ഭോപ്പാൽ : കണ്ണെത്താത്ത ആഴത്തിലേക്ക്, സുരക്ഷയേതുമില്ലാതെ അവരങ്ങിറങ്ങിച്ചെല്ലുകയാണ്. കൈയിലെ കുടം നിറയ്ക്കണം. കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കണം... കിണറിന്റെ ആഴത്തിലേക്കിറങ്ങുമ്പോൾ ഈ സ്ത്രീകളുടെ മനസിൽ ഇതുമാത്രമേയുള്ളൂ. കാലൊന്നിടയിൽ പതിക്കുന്ന ആഴത്തെക്കുറിച്ചോ, കയറിൽ പിടിച്ചിറങ്ങിയാൽ അല്പം സുരക്ഷിതത്വം ലഭിക്കുമെന്നഥിനെക്കുറിച്ചോ അവർ ചിന്തിക്കുന്നില്ല. ദാഹജലം... അതുമാത്രമാണ് ലക്ഷ്യം.

കനത്ത വരൾച്ചയെത്തുടർന്ന് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മദ്ധ്യപ്രദേശിലെ ദിന്തോരി ജില്ലയിൽ സ്ത്രീകൾ കിണറ്റിലേക്കിറങ്ങി വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്

ഏറെ താഴ്ചയുള്ള കിണറിന്റെ മദ്ധ്യത്തിലായി ചെറിയൊരു കുഴിയിൽ മാത്രമാണ് വെള്ളമുള്ളത്. കയർ ഉപയോഗിക്കാതെ പടവുകൾ ചവിട്ടിയാണ് സ്ത്രീകൾ കിണറ്റിലിറങ്ങുന്നതും കയറുന്നതും. മുകളിൽ നിൽക്കുന്നവർ താഴേക്ക് ഇട്ടുകൊടുക്കുന്ന പാത്രങ്ങളിൽ വെള്ളം നിറച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വേനൽക്കാലങ്ങളിൽ ഗ്രാമവാസികളുടെ ജീവിതം അതീവ ദുഃസഹമാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. വിദൂരത്ത് നിന്ന് നടന്നു വന്ന് വെള്ളമെടുത്ത് തിരിച്ചു പോകുന്ന ഗ്രാമവാസികളുടെ ദൃശ്യങ്ങളും എ.എൻ.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ മൂന്ന് കിണറുകളാണുള്ളത്. ഇവ മൂന്നിലും വെള്ളം ഏകദേശം വറ്റിയ നിലയിലാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സർക്കാർ ഉദ്യോഗസ്ഥരും നേതാക്കളും തങ്ങളെ കാണാൻ വരുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കാതെ ഇത്തവണ തങ്ങൾ വോട്ട് രേഖപ്പെടുത്തില്ലെന്നും ഗ്രാമവാസികൾ പറയുന്നു.

Advertisement
Advertisement