പൊലീസ് ചമഞ്ഞ് പത്തുലക്ഷം കവർന്ന സംഭവം:നാല് പ്രതികൾ പിടിയിൽ

Saturday 04 June 2022 3:40 PM IST

കോഴിക്കോട്: മാവൂർറോഡിലെ മാളിൽ പട്ടാപ്പകൽ പൊലീസ് ചമഞ്ഞ് പത്തുലക്ഷം കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കണ്ണൂർ സ്വദേശിയും വർഷങ്ങളായി മലപ്പുറം പറമ്പിൽപീടിക ഭാഗങ്ങളിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന കെ.പി. നവാസ്(45), കണ്ണൂർ മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പിൽ (43), ആലപ്പുഴ ചുങ്കംവാർഡിൽ കരുമാടിപ്പറമ്പ് കെ.എൻ സുഭാഷ്‌കുമാർ(34), തിരുവനന്തപുരം വെള്ളനാട്സ്വദേശി ജിജോ ലാസർ(29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലിൽനിന്നും പിടിയിലായത്. മറ്റൊരു പ്രതിയായ കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്ബാലിനെ സംഭവദിവസം തന്നെ അറസ്റ്റ്ചെയ്തിരുന്നു.

കഴിഞ്ഞമാസം പതിനാറാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

സംശയംതോന്നി യഥാർത്ഥ പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരുടെ ആക്രമണത്തിൽ പയ്യോളി സ്വദേശിയായ പരാതിക്കാരൻ കൊയിലാണ്ടി ഇരിങ്ങത്തിൽ റാഷിദിന് പരിക്കേറ്റത്. പ്രതികളിൽപ്പെട്ട ഷാജിദ് മാളിന്റെ ആറാം നിലയിലെ റൂമിന്റെ ബാത്ത്റൂമിലെ വിൻഡോയിലൂടെ താഴേക്ക് ചാടി രക്ഷപ്പെടുകയാണ് ചെയ്തത്. സംഭവം കഴിഞ്ഞ ഉടൻ പലഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾ വളാഞ്ചേരിയിൽ ഒരുമിച്ചുകൂടി മൊബൈലുകൾ സ്വിച്ച്ഓഫ് ചെയ്ത് പലസ്ഥലങ്ങളിലേക്ക് ഒളിവിൽപോവുകയായിരുന്നു.

പല ജില്ലകളിലും പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ഇവർക്ക് ഏജൻറുമാരുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ ഇവർക്ക് വ്യാജ സ്വർണം നൽകുന്നവരെക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഡി.സി.പി ആമോസ് മാമന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് എ.സി.പി ജോൺസൺ എ.ജെയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും നടക്കാവ് ഇൻസ്പെക്ടർ അലവിയുടെ നേതൃത്വത്തിൽ എസ്.ഐ മനോജ് എസും സംഘവുമാണ് പിടികൂടിയത്.

Advertisement
Advertisement