ഉമയെ തുണച്ച് പി.ടി, സിൽവർ, ട്വന്റി 20...

Saturday 04 June 2022 4:55 AM IST

കൊച്ചി: പി.ടി സഹതാപം, സിൽവർലൈനിനോടുള്ള വിയോജിപ്പ്, ട്വന്റി 20യുടെ നിലപാട്, എൽ.ഡി.എഫിന് ഫലിക്കാതെപോയ സമുദായികധ്രുവീകരണം തുടങ്ങി പല ഘടകങ്ങൾ ഉമ തോമസിന്റെ ഉജ്ജ്വലവിജയത്തിന് കാരണമായി.

യു.ഡി.എഫിനെക്കാൾ 18.48 ശതമാനം അധികം വോട്ടാണ് ഉമ തോമസ് നേടിയത്. 2011ൽ പി.ടി. തോമസ് വിജയിച്ചപ്പോൾ 10.5 ശതമാനമായിരുന്നു വ്യത്യാസം.

വികസനം, രാഷ്ട്രീയം, സാമുദായിക വിഷയങ്ങൾ തുടങ്ങിയവയാണ് പ്രചാരണത്തിൽ പ്രധാനമായും ചർച്ചചെയ്യപ്പെട്ടത്. ക്രൈസ്തവർ ഉൾപ്പെടെ പ്രബലസമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ മൂന്നുമുന്നണികളും കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ഇതിനെല്ലാമപ്പുറം ജനങ്ങൾ വിലയിരുത്തിയെന്നാണ് ഫലം തെളിയിക്കുന്നത്.

പി.ടി. തോമസിനോടുള്ള വൈകാരികബന്ധം ഭാര്യ ഉമയോട് ജനങ്ങൾ പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറവും പി.ടി പുലർത്തിയിരുന്ന ബന്ധങ്ങൾ ഉമയെ സഹായിച്ചു. നിഷ്പക്ഷരുടെ നല്ലൊരളവ് വോട്ട് ഉമയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

പുതുമുഖമാണെങ്കിലും പ്രചാരണകാലത്ത് പക്വമായ സമീപനമാണ് ഉമ തോമസ് സ്വീകരിച്ചത്. സംസാരത്തിലും ശാരീരികഭാഷയിലും കുലീനത പുലർത്തി. എതിരാളികളെ ആക്രമിക്കാനോ മോശമായി പരാമർശിക്കാനോ തയ്യാറായില്ല. പാർട്ടിക്കുപരി വ്യക്തിപരമായ ഒരിഷ്ടം വോട്ടർമാരിൽ ഉണ്ടാക്കിയെടുക്കാൻ ഉമയ്ക്കായി.

കഴിഞ്ഞതവണ പി.ടി. തോമസിനെ ശക്തമായി എതിർത്തിരുന്നു ട്വന്റി 20. എന്നാൽ, പി.ടിയുടെ മരണ ശേഷം അവർ നിലപാട് മാറ്റി. കിഴക്കമ്പലം ദീപുവിന്റെ കൊലപാതകം സി.പി.എമ്മിനോടുള്ള ട്വന്റി 20യുടെ ശത്രുത രൂക്ഷമാകാൻ കാരണവുമായി. നിഷ്പക്ഷവോട്ടിനാണ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും സി.പി.എമ്മിനെ തോല്പിക്കുകയെന്ന ലക്ഷ്യം പ്രവർത്തകർ ഏറ്റെടുത്തു. കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെന്ന സാബു ജേക്കബിന്റെ പ്രതികരണം ഇതിന്റെ സൂചനയാണ്. ട്വന്റി 20 വോട്ട് ലഭിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സമ്മതിച്ചിട്ടുണ്ട്.

വികസനം വിഷയമാക്കിയ എൽ.ഡി.എഫിനെതിരെ സിൽവർലൈൻ പദ്ധതിയാണ് എതിരാളികൾ ആയുധമാക്കിയത്. സിൽവർലൈൻ വിരുദ്ധ സമരസമിതി നേതാക്കളുൾപ്പെടെ തൃക്കാക്കരയിലെത്തി. പദ്ധതിയിൽ ആശങ്കപ്പെടുന്നവർ എതിർത്ത് വോട്ട് ചെയ്തതായി വിലയിരുത്തപ്പെടുന്നു.

ഡോ. ജോ ജോസഫിനെ മത്സരിപ്പിക്കുന്നത് ക്രൈസ്തവവോട്ടുകൾ മറിയാൻ സഹായിക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ തെറ്റിപ്പോയി. പരമ്പരാഗത ക്രൈസ്തവവോട്ടുകൾ നിലനിറുത്താൻ യു.ഡി.എഫിന് കഴിഞ്ഞു.

മുസ്ളിം സമുദായം കൂടുതൽ അടുക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാൽ മുസ്ളിം ഭൂരിപക്ഷപ്രദേശങ്ങളിൽ യു.ഡി.എഫിന് വോട്ട് കൂടുകയാണുണ്ടായത്.

Advertisement
Advertisement