അവസാന കേന്ദ്ര മന്ത്രിസഭാ യോഗം പൂർത്തിയായി,​ മോദി രാജിക്കത്ത് നൽകി

Friday 24 May 2019 8:32 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് കെെമാറി. പ്രധാനമന്ത്രിയുടെ രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വികരിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 30ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. നാളെയോ മറ്റന്നാളോ പാർലമെന്ററി പാർട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ കാണും.

സർക്കാരിന്റെ അവസാന കേന്ദ്ര മന്ത്രി സഭ യോഗം ഇന്ന് ഡൽഹിയിൽ പൂർത്തിയായി. ബി.ജെ.പിയുടെ വൻ വിജയത്തിന് ശേഷം മോദി മുതിർന്ന നേതാക്കളായ എ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ സന്ദർശിച്ചു. അവരുടെ കാൽതൊട്ട് വന്ദിച്ചു. തുടർന്ന് ഇവരാണ് ബി.ജെ.പിയെ വളർത്തിയതെന്ന് ട്വീറ്റ് ചെയ്തു.

ഈ മാസം 29ന് അഹമ്മദാബാദിൽ എത്തി അമ്മയെ കണ്ട് ആശിർവാദം വാങ്ങും. മാത്രമല്ല മോദിയുടെ പുതിയ മന്ത്രിസഭയിൽ പ്രധാനപ്പെട്ട ബി.ജെ.പി നേതാക്കൾ ഉണ്ടാകുമെന്നാണ് നേത‌ൃത്വം സൂചിപ്പിക്കുന്നത്. അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനാകാനും സാദ്ധ്യതയുണ്ട്. അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി. നിതിന് ഗഡ്ഗരിക്ക് വലിയ പദവി നൽകണം എന്ന നിർദ്ദേശം ആർ.എസ്.എസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, വി മുരളീധരൻ എന്നീ പേരുകൾ പാർട്ടിയുടെ പരിഗണനയിലുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. സ്‌മ‌ൃതി ഇറാനിക്കും പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.പിമാർക്കും മന്ത്രിസഭയിൽ പരിഗണന നൽകുന്നുണ്ട്. എന്നാൽ സുഷമ സ്വരാജ് തുടരാനുള്ള സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ട്.