അണിഞ്ഞൊരുങ്ങി അങ്കണവാടികൾ

Saturday 04 June 2022 1:00 AM IST

ആലപ്പുഴ: ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ ജില്ലയിലെ അങ്കണവാടികളിൽ കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ ഗണ്യമായ വർദ്ധനവുണ്ടായി. 7076 കുട്ടികളാണ് ഈ വർഷം എത്തിയത്. കഴിഞ്ഞ വർഷം 6736 കുട്ടികളാണ് ഉണ്ടായിരുന്നത്.

അങ്കണവാടികളുടെ പ്രവർത്തനം സജീവമായത് പൊതു വിദ്യലയങ്ങളിൽ കുട്ടികളുടെ വർദ്ധനവിനും വഴിയൊരുക്കും. ജലം, വൈദ്യുതി ലഭ്യത, ശൗചാലയ സൗകര്യങ്ങൾ,സുരക്ഷ എന്നിവ ഉറപ്പാക്കും വിധത്തിലാണ് കെട്ടിടങ്ങളുടെ ആധുനിക വത്കരണം നടത്തിയത്. സ്വന്തമായി സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളുടെ പരിമിതികൾ പരിഹരിക്കുന്നതോടൊപ്പം പുതുതായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിമ്മിച്ച് ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലയിൽ 2150 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. 1320 എണ്ണത്തിന് സ്വന്തമായി കെട്ടിടവും സ്ഥലവും ഉണ്ട്.

830 അങ്കണവാടികൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശേഷിച്ച അങ്കണവാടികൾക്ക് സ്ഥലവും കെട്ടിടവും കണ്ടെത്തണം. ഭിന്നശേഷി സൗഹൃദമാക്കുന്ന തരത്തിൽ ഓരോ കേന്ദ്രവും ആധുനിക സംവിധാനത്തോടെ നിർമ്മിക്കുന്നതിന് കുറഞ്ഞത് എട്ടുലക്ഷം രൂപ വീതമാണ് ചെലവഴിക്കുന്നത്. 300ൽ അധികം അങ്കണവാടികൾ ഭിന്നശേഷി സൗഹൃദ കേന്ദ്രങ്ങളായി. ഇതിന് പുറമേ സ്ഥലത്തിന്റെ വിലയും കണ്ടെത്തണം. നിലവിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾക്ക് പകരും പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ കൂടുതൽ കുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ്.

ഭക്ഷണക്രമത്തിലും മാറ്റം

നിലവിലുള്ള പയറു വർഗങ്ങൾക്കും കഞ്ഞിക്കും പുറമേ മുട്ടയും പാലും കുട്ടികൾക്ക് നൽകും. ഇപ്പോൾ നൽകുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവയ്ക്ക് പുറമേയാണ് ഈവർഷം ആഴ്ചയിൽ ഒരു ദിവസം വീതം മുട്ടയും പാലം നൽകുന്നത്.

ജില്ലയിൽ അങ്കണവാടികൾ

ആകെ :2150

കെട്ടിടം ഉള്ളത്:1320

വാടകക്കെട്ടിടത്തിൽ:830

കുട്ടികൾ

ഈവർഷം: 7076

കഴിഞ്ഞ വർഷം:6736

ആധുനിക കെട്ടിട നിർമ്മാണം

1. വിസ്തീർണം 400 ചതുരശ്ര അടിയിൽ കൂടുതൽ

2. ഭിന്നശേഷിക്കാർക്ക് വീൽചെയറിൽ സഞ്ചരിക്കാൻ കഴിയുന്ന കൈവരിയോട് കൂടിയ റാമ്പ്

3. സ്‌പെഷ്യൽ അദ്ധ്യാപകരുടെ സേവനം

4. കളിക്കളം, വീൽ ചെയർ, മേശ, കസേര, ടോയ്‌ലെറ്റുകൾ

5. ചെലവ്: 8 ലക്ഷം

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുനൽകുന്ന തരത്തിൽ ജില്ലയിലെ മുഴുവൻ അങ്കണവാടികൾക്കും ആധുനിക സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടത്തിവരുന്നു. ഈവർഷം മുട്ടയും പാലും കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തി.

- എൽ.ഷീബ, ജില്ലാ ഓഫീസർ, വനിത-ശിശു വികസന പദ്ധതി

Advertisement
Advertisement