സ്‌പെല്ലിംഗ് ബീ: ഇന്ത്യൻ വംശജ ഹരിണി ലോഗൻ വിജയി

Saturday 04 June 2022 4:34 AM IST

ഹൂസ്​റ്റൺ : യു.എസിൽ നടന്ന ഈ വർഷത്തെ സ്‌ക്രിപ്സ് നാഷണൽ സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ചാമ്പ്യനായി ഇന്ത്യൻ വംശജ ഹരിണി ലോഗൻ ( 14 ). ടെക്‌സ‌സിലെ സാൻ ആന്റണിയോ സ്വദേശിനിയാണ് ഹരിണി. എട്ടാം ഗ്രേഡ് വിദ്യാർത്ഥിനിയായ ഹരിണി ലൈറ്റ്‌നിംഗ് റൗണ്ട് ടൈബ്രേക്കറിൽ 90 സെക്കൻഡിനുള്ളിൽ 26 വാക്കുകളിൽ 21 വാക്കുകളുടെ സ്പെല്ലിംഗ് ശരിയായി ഉച്ചരിച്ചാണ് നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ പുതിയതായി ഏർപ്പെടുത്തിയ ലൈറ്റ്‌നിംഗ് റൗണ്ട് ടൈബ്രേക്കറിലൂടെ വിജയിക്കുന്ന ആദ്യ മത്സരാർത്ഥി കൂടിയാണ് ഹരിണി. 50,000 ഡോളറാണ് സമ്മാനം. ഇത് നാലാം തവണയാണ് ഹരിണി സ്‌പെല്ലിംഗ് ബീയിൽ പങ്കെടുക്കുന്നത്.

ഡെൻവറിൽ നിന്നുള്ള വിക്രം രാജു ( 12 ), ടെക്സസിൽ നിന്നുള്ള വിഹാൻ സിബൽ ( 13 ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ വാഷിംഗ്ടൺ സ്വദേശിയായ സഹർഷ് വുപ്പാല ( 13 ) നാലാമതെത്തി. 1925 മുതൽ അമേരിക്കയിൽ പ്രതിവർഷം നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിൽ വർഷങ്ങളായി ഇന്ത്യൻ - അമേരിക്കൻ വിദ്യാർത്ഥികളാണ് മുന്നിട്ടു നിൽക്കുന്നത്.

Advertisement
Advertisement