പി.പി.ഇ കിറ്റ് വിതരണം അസാം മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി സിസോദിയ

Sunday 05 June 2022 3:54 AM IST

ന്യൂഡൽഹി: അസാം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വശർമ്മയ്ക്കെതിരെ അഴിമതി ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡ് സമയത്ത് ഹിമന്ത പി.പി.ഇ കിറ്റ് വിതരണം ചെയ്യാനുള്ള ഗവൺമെന്റ് കരാർ ഭാര്യ റിനികി ഭുയാനും മകനും പങ്കാളികളായ കമ്പനികൾക്ക് നൽകിയെന്നാണ് സിസോദിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. സിസോദിയയെ മൂന്ന് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്. കിറ്റിന് വിപണിവിലയ്ക്കും മുകളിലാണ് വില നൽകിയതെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു.


 മാനനഷ്ടക്കേസ് നൽകുമെന്ന് ഹിമന്ത

പി.പി.എ കിറ്റ് വിതരണം ഭാര്യ സൗജന്യമായി നടത്തിയതാണെന്നും പണം വാങ്ങിയിട്ടില്ലെന്നും അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സിസോദിയയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ സിസോദിയയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും ഹിമന്ത പറഞ്ഞു. രാജ്യം മുഴുവൻ കൊവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് അസാമിൽ പി.പി.ഇ കിറ്റ് ലഭ്യമായിരുന്നില്ല. ആ സമയത്ത് തന്റെ ഭാര്യ ധൈര്യപൂർവം മുന്നോട്ടുവന്ന് 1500 കിറ്റ് സംഭാവന ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement