ചർച്ചകൾ ട്രാക്കിലോടും: വികസനം പാളം തെറ്റും

Saturday 04 June 2022 10:14 PM IST

തൃശൂർ : തൃശൂർ അടക്കം റെയിൽവേ സ്‌റ്റേഷനുകളുടെ വികസന ചർച്ച ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും ഓരോ നിർദ്ദേശവും പരണത്ത് വച്ച് പാളം തെറ്റിയോടുകയാണ് വികസനസ്വപ്നങ്ങൾ. എല്ലാ വർഷവും യാത്രക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും നിരവധി നിർദ്ദേശങ്ങൾ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കാറുണ്ടെങ്കിലും ഒന്നുപോലും ലക്ഷ്യസ്ഥാനത്തെത്താറില്ല.

തൃശൂർ, ഒല്ലൂർ, പുതുക്കാട്, നെല്ലായി, കല്ലേറ്റുംകര, ചാലക്കുടി, ഗുരുവായൂർ, പൂങ്കുന്നം, ഡിവൈൻ നഗർ, കൊരട്ടി, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, മുള്ളൂർക്കര തുടങ്ങിയ റെയിൽവേ സ്‌റ്റേഷനുകളിൽ ശാശ്വതമായ വികസനം സാദ്ധ്യമാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

അന്താരാഷ്ട്ര നിലവാരമെന്ന സ്വപ്നം

പ്രധാന സ്റ്റേഷനുകളിൽ ഒന്നായ തൃശൂരിനെ അന്താരാഷ്ട്ര നിരവാരത്തിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും തുടർ നടപടി ആരംഭിച്ചിട്ടില്ല. രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നടപ്പാത നീളം കൂട്ടൽ ടെൻഡർ നടപടികൾ നാളുകളായി നീളുകയാണ്. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച ഗുരുവായൂർ - തൃശൂർ പാസഞ്ചർ ട്രെയിൻ ഇതുവരെയും ആരംഭിച്ചിട്ടില്ല. അതുപോലെ കണ്ണൂർ - തൃശൂർ പാസഞ്ചർ, തൃശൂർ - കോഴിക്കോട് പാസഞ്ചർ സർവീസും ആരംഭിക്കാത്തത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് വലയുന്നത്. ഗുരുവായൂർ യാർഡ് നവീകരണം, തിരുന്നാവായ പാത, തിരുവെങ്കിടം അടിപ്പാത തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഗുരുവായൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ളത്. കൊവിഡ് കാലത്ത് നിറുത്തിവച്ച പല പാസഞ്ചർ ട്രെയിനുകളും പുനരാരംഭിക്കാനും നടപടിയായിട്ടില്ല. ഇതിനിടെ പ്രതീക്ഷയേകി തൃശൂർ എം.പി ടി.എൻ.പ്രതാപന്റെ നേതൃത്വത്തിൽ ഉന്നതതല ചർച്ച നടക്കുന്നുണ്ട്.

ഉന്നതതല യോഗം ഏഴിന്

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ വികസനകാര്യം ചർച്ച ചെയ്യാനായി റെയിൽവേ അധികൃതരുമായുള്ള ഉന്നതതല ചർച്ച 7 ന് രാവിലെ 10ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. തൃശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, പൂങ്കുന്നം, പുതുക്കാട് നെല്ലായി സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്യുക. യോഗത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി അറിയിച്ചു. വിവിധ റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ, യാത്രക്കാർ, റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാതികളുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മറ്റ് സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് രേഖാമൂലമോ നേരിട്ടോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാമെന്ന് എം.പി അറിയിച്ചു.

Advertisement
Advertisement