വണ്ടി റാഞ്ചൽ സംഘം മെഡിക്കൽ കോളേജ് വളപ്പിൽ സജീവം, മോഷണം പെരുകുമ്പോഴും കൈയുംകെട്ടി പൊലീസ്

Saturday 04 June 2022 11:50 PM IST

 സി.സി ടിവികൾ ആവശ്യത്തിനില്ല  നടപടിയെടുക്കാതെ അധികൃതർ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പരിസരത്ത് വാഹനമോഷണം പതിവായിട്ടും സി.സി ടിവി സ്ഥാപിക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. അഞ്ച് മാസത്തിനിടെ മെഡിക്കൽ കോളേജിൽ നിന്ന് ഇരുപതോളം വാഹനങ്ങൾ മോഷണം പോയത് കേരളകൗമുദി രണ്ട് മാസം മുൻപ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇപ്പോൾ വീണ്ടും പത്തോളം വാഹനങ്ങളാണ് മോഷണം പോയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ വാഹനങ്ങളാണ് മോഷണം പോയതിൽ അധികവും. ജീവനക്കാരുടെ വാഹനങ്ങളും മോഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. പരിസരത്ത് സി.സി ടിവികൾ ഇല്ലാത്തതിനാൽ പ്രതികളെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ നിലപാട്. പൊലീസ് കാവൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് അയയ്ക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കേരളകൗമുദിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പ്രദേശത്ത് യാതൊരു പൊലീസ് നിരീക്ഷണവും ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. വികസനസമിതി അംഗങ്ങളുമായി സംസാരിച്ച് പ്രദേശത്ത് സി.സി ടിവികൾ സ്ഥാപിക്കാനുളള നടപടി സ്വീകരിക്കുമെന്നായിരുന്നു വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഉറപ്പ്. അതേസമയം, വാഹനങ്ങൾ മോഷണംപോകുന്നത് വികസനസമിതിയുടെ വിഷയമല്ലെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും വികസനസമിതി അംഗമായ കരുമം സുന്ദരേശൻ കേരളകൗമുദിയോട് പറഞ്ഞു.

മെഡിക്കൽ കോളജിന് മുന്നിലെ പല വഴിയിലും പാർക്കിംഗ് നിരോധിച്ചതാണെങ്കിലും വേറെ വഴിയില്ലാതെയാണ് പലരും ആശുപത്രിക്കു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങൾക്കായി പാർക്കിംഗ് ഏരിയ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. പലരും തിരികെ എത്തുമ്പോഴാണ് പണി കിട്ടിയെന്നറിയുക.

സെക്യൂരിറ്റി ഉണ്ടെങ്കിലും

വാഹനനിയന്ത്രണത്തിനായി സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും ഏറെ തിരക്കുള്ള മെഡിക്കൽ കോള‌േജ് പരിസരത്ത്‌ വാഹനങ്ങൾ കൊണ്ടുപോകുന്നവർ ആരാണെന്ന് ശ്രദ്ധിക്കുന്നത് പ്രായോഗികമല്ലെന്നാണ് അവരുടെ വാദം. ചില ദിവസങ്ങളിൽ രണ്ടും മൂന്നും ബൈക്കുകൾ മോഷണം പോവാറുണ്ട്. ഡെന്റൽ കോളേജിന് സമീപം ഇരുചക്ര വാഹനങ്ങൾക്കായി പാർക്കിംഗ് ഏരിയ തുടങ്ങുമെന്ന് പറഞ്ഞിട്ടും തീരുമാനം ജലരേഖയായി തുടരുകയാണ്.

സി.സി ടിവി ഉണ്ട്, പക്ഷേ...

ആശുപത്രി പരിസരത്ത് പേരിന് സി.സി ടിവികളുണ്ടെങ്കിലും ഇവയിൽ പലതും പ്രവർത്തനരഹിതമാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലെ സി.സി ടിവി പോലും പ്രവർത്തിക്കാതായിട്ട് മാസങ്ങളായെന്നാണ് ആക്ഷേപം.

Advertisement
Advertisement