എന്നും ആലപ്പുഴയോട് അടുത്തു നിന്ന പ്രയാർ

Sunday 05 June 2022 12:28 AM IST

ആലപ്പുഴ : പുന്നപ്ര മിൽമ ഡയറിയുടെ വികസനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ. പ്രയാർ മിൽമയുടെ പ്രസിഡന്റായിരുന്നപ്പോൾ മുൻകൈയെടുത്താണ് പാലിൽ നിന്നുള്ള വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ നിർമ്മിക്കാൻ പുന്നപ്രയിലെ മിൽമാ ഡയറി, സെൻട്രൽ പ്രൊഡക്ഷൻ ഫാക്ടറിയായി ഉയർത്തിയത്.

പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റാകുമ്പോൾ പ്രതിദിനം 45,000ലിറ്റർ പാൽ സംഭരിച്ചിരുന്ന പുന്നപ്ര ഡയറിയെ ഒരുലക്ഷം ലിറ്റർ സംഭരിക്കുന്ന കേന്ദ്രമായി ഉയർത്തി. അധിക പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമ്മിക്കുന്ന ഫാക്ടറിയും പുന്നപ്രയിൽ ആരംഭിച്ചു. പിന്നീട് പാൽക്ഷാമത്തെ തുടർന്ന് പാൽപ്പൊടി ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു. തുടർന്ന് മിൽമയിൽ വൈവിദ്ധ്യവത്കരണത്തിന് തുടക്കം കുറിച്ചു.

കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴയിൽ ക്ഷീരകർഷകർക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ എത്തിക്കുന്നതിന് പട്ടണക്കാട്ടെ മിൽമ കാലിത്തീറ്റ ഫാക്ടറിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. മിൽമയെ ദീർഘകാലം നയിക്കാനുള്ള ഭാഗ്യമാണ് മികച്ച സഹകാരിയായ പ്രയാറിന് ലഭിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോൾ ജില്ലയിലെ ക്ഷേത്രങ്ങളിൽ മുടങ്ങി കിടന്ന മരാമത്ത് പണികൾ വേഗത്തിൽ പൂർത്തികരിക്കാൻ ശ്രമിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ച പ്രയാർഗോപാലകൃഷ്ണൻ എന്നും ആലപ്പുഴയോട് വൈകാരികമായ ബന്ധംപുലർത്തിയ നേതാവായിരുന്നു. നങ്ങ്യാർകുളങ്ങര ടി.കെ.മാധവാ മെമ്മോറിയൽ കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ പ്രതിനിധിയായി കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തനിക്ക് അധികാരം ലഭിച്ച അവസരത്തിലൊക്കെ ആലപ്പുഴയോട് പ്രത്യേക താ

ത്പര്യം പ്രകടിപ്പിക്കാൻ പ്രയാർ ശ്രമിച്ചിരുന്നു.

Advertisement
Advertisement