അംബാസഡർ വീണ്ടും! ഇക്കുറി ഇലക്‌ട്രിക്,​ 2024ൽ എത്തിയേക്കും

Monday 06 June 2022 3:44 AM IST

ന്യൂഡൽഹി: ഒരുകാലത്ത് കാർ എന്നാൽ ഇന്ത്യക്കാർക്ക് അംബാസഡറായിരുന്നു! സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിമാർ വരെ പെരുമയോടെ ഉപയോഗിച്ച കാർ. സ്നേഹത്തോടെ അവർ അവനെ 'അംബി" എന്ന് വിളിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2014ൽ വിപണിയിൽ നിന്ന് അംബാസഡർ അപ്രത്യക്ഷമായെങ്കിലും ഒരിക്കൽ തിരിച്ചുവരുമെന്ന് ഇന്ത്യക്കാർ ഉറച്ചുവിശ്വസിച്ചിരുന്നു. കാത്തിരിപ്പ് ഇനി നീളില്ലെന്ന് വ്യക്തമാക്കി അംബാസഡർ തിരിച്ചുവരുകയാണ്; പുത്തൻ മോടിയിൽ,​ ഇലക്‌ട്രിക് പെരുമയിൽ,​ അംബാസഡർ 2.0 ആയി.

2014 സെപ്തംബറിലാണ് അംബാസഡറിന്റെ അവസാനകാർ ബംഗാളിലെ ഉത്തർപാര പ്ളാന്റിൽ നിന്ന് പുറത്തിറങ്ങിയത്. ബ്രാൻഡിന്റെ ഉടമകളായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് (എച്ച്.എം)​ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഉടമസ്ഥാവകാശം 80 കോടി രൂപയ്ക്ക് 2017ൽ ഫ്രഞ്ച് കമ്പനിയായ പ്യൂഷ്വോയ്ക്ക് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉടമകളായ സി.കെ.ബിർള ഗ്രൂപ്പ് വിറ്റു.

ഇലക്ട്രിക്കായി പുനരവതാരം

ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് 51 ശതമാനവും പ്യൂഷ്വോയ്ക്ക് 49 ശതമാനവും വിഹിതത്തോടെ പങ്കാളിത്ത കമ്പനി രൂപീകരിച്ചാണ് അംബാസഡറിനെ പുനരവതരിപ്പിക്കുക. ആദ്യം ഇലക്‌ട്രിക് ടൂവീലറുകളാണ് പങ്കാളിത്ത കമ്പനി പുറത്തിറക്കുക. തുടർന്ന് അംബാസഡറും. മിത്സുബിഷി ഉപയോഗിച്ചിരുന്നതും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ സ്വന്തവുമായ ചെന്നൈ പ്ളാന്റിലായിരിക്കും നിർമ്മാണം. 2024ഓടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

പുത്തൻ ലുക്ക്

ആകർഷക ലുക്കും പ്രത്യേക ഫീച്ചറുകളുമൊക്കെയായി വിദേശ ബ്രാൻഡുകൾ ഉൾപ്പെടെ കടന്നുവന്നതാണ് നിരത്തുകളിൽ നിന്ന് അംബാസഡർ പിൻവലിയാൻ കാരണമായത്. വർഷങ്ങൾക്കുശേഷം പുനരവതരിപ്പിക്കുമ്പോൾ പഴയ തനത് രൂപകല്പന പൂർണമായും കൈവിടാതെ തന്നെ,​ ആധുനിക 'വാസ്തുവിദ്യ" മികവോടെ ഉപയോഗിച്ചാണ് പുത്തൻ അംബാസഡറിനെ എച്ച്.എം ഒരുക്കുന്നത്.

അംബാസഡർ 2.0ന്റെ അന്തിമരൂപകല്പന ഇനിയും തയ്യാറായിട്ടില്ല. എങ്കിലും ആഡംബരം നിറയുന്ന മികവുകൾ പ്രതീക്ഷിക്കാം. മുന്നിൽ വലിയ ബോണറ്റ്,​ വിശാലമായ ഗ്രിൽ,​ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്,​ ടെക്‌നോളജിക്ക് പ്രാമുഖ്യമുള്ള കാബിൻ,​ ഇലക്‌ട്രിക് സൺറൂഫ് തുടങ്ങിയവ ഉണ്ടായേക്കും.

75%

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിപിണിവിഹിതം 40-50 ശതമാനമാണ്. പ്രതാപകാലത്ത് (1970-80കളിൽ)​ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസഡർ കൈയടക്കിവച്ച വിപണിവിഹിതം 75 ശതമാനമായിരുന്നു.

Advertisement
Advertisement