ബി.ജെ.പി എം.എൽ.എമാരും റിസോർട്ടിലേക്ക്

Tuesday 07 June 2022 2:24 AM IST

ജയ്പൂർ: കോൺഗ്രസിന് പിന്നാലെ ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരേയും രാജ്യസഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് റിസോർട്ടിലേക്ക് മാറ്റും. എം.എൽ.എമാർ പാർട്ടി ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ബി.ജെ.പി നിർദ്ദേശിച്ചതായും അവിടെ നിന്നു ജയ്‌പൂരിനു പുറത്തുള്ള റിസോർട്ടിലേക്കു മാറ്റുമെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നാരോപിച്ച് അഴിമതിവിരുദ്ധ വിഭാഗത്തിന് കോൺഗ്രസ് പരാതി നൽകിയതിന് പിന്നാലെയാണു ബി.ജെ.പിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.

പരിശീലന പരിപാടിക്കായാണ് എം.എൽ.എമാരെ കൊണ്ടുപോകുന്നത് എന്നാണ് പാർട്ടിവൃത്തങ്ങളുടെ വിശദീകരണം. രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാൻ ബി.ജെ.പി നേതാക്കളായ നരേന്ദ്ര സിംഗ് തോമർ, അരുൺ സിംഗ് എന്നിവർ ജയ്പൂരിലുണ്ട്.

കോൺഗ്രസിന്റെ വിജയമുറപ്പിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാർട്ടി നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന 6 എം.എൽ.എമാരെ അനുനയിപ്പിച്ച് അവരെ ഉദയ്പൂരിലെ റിസോർട്ടിൽ എത്തിച്ചു. കഴിഞ്ഞയാഴ്ച മറ്റ് എം.എൽ.എമാർക്കൊപ്പം റിസോർട്ടിലേക്കു മാറാൻ ഇവർ വിസമ്മതിച്ചിരുന്നു. 6 എം.എൽ.എമാരിൽ 4 പേർ ബി.എസ്.പിയിൽ നിന്നെത്തിയവരാണ്.

Advertisement
Advertisement