ഇമ്രാനെ തൊട്ടാൽ ചാവേറാക്രമണം:പാക് എം.പി

Tuesday 07 June 2022 4:06 AM IST

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വധഗൂഢാലോചന നടക്കുന്നതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ചാവേർ ആക്രമണ ഭീഷണിയുമായി പാക് എംപി. ഇമ്രാന്റെ ഒരു രോമത്തിൽ തൊട്ടാൽ പോലും ചാവേർ ആക്രമണം നടത്തുമെന്ന് ഇമ്രാന്റെ പാർട്ടിയായ പാക് തെഹ്‌രീക് ഇ- ഇൻസാഫ് എം.പി അത്തൗല്ല സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ഭീഷണി മുഴക്കി.

'ഇമ്രാന്റെ ഒരു മുടിയിഴയ്‌ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ, രാജ്യംഭരിക്കുന്നവരോ അവരുടെ മക്കളോ ബാക്കിയുണ്ടാവില്ല. നിങ്ങൾക്കെതിരെ ആദ്യം ചാവേർ ആക്രമണം നടത്തുന്നത് ഞാനായിരിക്കും. ആരെയും വെറുതെവിടില്ല. ഇതേപോലെ പ്രവർത്തിക്കാൻ ആയിരക്കണക്കിന് പ്രവർത്തകർ തയ്യാറാണ് - അത്തൗല്ല വീഡിയോയിൽ പറയുന്നു.

ഇമ്രാന് എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനന്തരവൻ ഹസ്സൻ നിയാസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.' പി.ടി.ഐ. അദ്ധ്യക്ഷൻ കൂടിയായ ഇമ്രാന് എന്തെങ്കിലും സംഭവിച്ചാൽ അത് രാജ്യത്തിന് എതിരായ ആക്രമണമായാണ് കണക്കാക്കുക. ആക്രമണോത്സുകമായ പ്രതികരണമായിരിക്കും ഉണ്ടാവുക. ആക്രമണം നടത്തിയവർ പശ്ചാത്തപിക്കേണ്ടിവരും - നിയാസി മുന്നറിയിപ്പ് നല്‍കി.

ഇമ്രാനെ വധിക്കാൻ പദ്ധതിയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂട്ടംചേരുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സുരക്ഷാ ഏജൻസികൾക്ക് അതീവജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു.

ഇസ്ലാമാബാദിലെ പ്രധാനപ്പെട്ട ജനവാസ കേന്ദ്രങ്ങളിലൊന്നായ ബാനി ഗാലയിൽ ഇമ്രാൻ സന്ദർശനം നടത്തിയേക്കുമെന്ന സൂചനകൾക്കിടെയാണ് വധഭീഷണി ഉയർന്നത്. നിയമാനുസൃതമായ എല്ലാ സുരക്ഷയും ഇസ്ലാമാബാദ് പൊലീസ് ഇമ്രാന് നൽകുമെന്നും അദ്ദേഹത്തിന്റെ സുരക്ഷാ സംഘങ്ങളിൽ നിന്ന് സഹകരണം പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു.

Advertisement
Advertisement