സംസ്ഥാന കോൺഗ്രസിലും ചിന്തൻ ശിബിരം

Tuesday 07 June 2022 12:12 AM IST

തിരുവനന്തപുരം: ഉദയ്‌പൂർ ചിന്തൻ ശിബിരത്തിൽ അംഗീകരിച്ച പ്രമേയങ്ങളിന്മേൽ സംസ്ഥാനതലത്തിൽ തുടർചർച്ച നടത്തണമെന്ന എ.ഐ.സി.സി നിർദ്ദേശപ്രകാരം കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ദ്വിദിന സമ്മേളനം ഉടൻ ചേരും. തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തുടർച്ചയായ സംഘടനാപ്രവർത്തനം വേണമെന്ന നിർദ്ദേശമായിരിക്കും നവസങ്കല്പ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സൗകര്യം കണക്കിലെടുത്ത് തീയതി തീരുമാനിക്കും. വിദേശത്തുള്ള അദ്ദേഹം ഡൽഹിയിലെത്തിയാലുടൻ തീരുമാനമുണ്ടാകും. നെയ്യാർഡാമിലെ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിലാകും സമ്മേളനം.

സംസ്ഥാനങ്ങളിൽ നടപ്പാക്കാനായി ഉദയ്‌പൂർ ചിന്തൻ ശിബിരത്തിൽ നിർദ്ദേശിച്ച രാഷ്ട്രീയകാര്യസമിതി, മണ്ഡലം കമ്മിറ്റികൾ, തിരഞ്ഞെടുപ്പ് സമിതി എന്നിവയൊക്കെ കേരളത്തിൽ നിലവിലുള്ള സംവിധാനങ്ങളാണ്. അതിനാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളും ആവിഷ്കരിക്കേണ്ട തന്ത്രങ്ങളുമാകും പ്രധാനമായും ചർച്ച ചെയ്യുക.

സംസ്ഥാനത്ത് സംഘടനാതലത്തിൽ വരുത്തേണ്ട പുന:സംഘടനയും പരിഗണിക്കും. ബൂത്തുതലത്തിൽ നേതാക്കൾ വീടുകൾ കയറി നടത്തിയ പ്രചാരണം തൃക്കാക്കരയിൽ പ്രയോജനപ്പെട്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പൊതുതിരഞ്ഞെടുപ്പിൽ ഇത് ഏത് രീതിയിൽ നടപ്പാക്കണമെന്നത് ചർച്ച ചെയ്യും.

Advertisement
Advertisement