സാമ്പത്തിക തർക്കം: വൃദ്ധയെ മകൾ കെട്ടിയിട്ട് മർദ്ദിച്ചു, വനിത പഞ്ചായത്തംഗത്തിനും മർദ്ദനം

Tuesday 07 June 2022 12:04 AM IST
മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന പഞ്ചായത്തംഗം അർഷ

പത്തനാപുരം: സാമ്പത്തിക തർക്കത്തിന്റെ പേരിൽ വൃദ്ധ മാതാവിനെ വീട്ടുമുറ്റത്തെ ഇരുമ്പുതൂണിൽ കെട്ടിയിട്ട് മകളുടെ ക്രൂരമർദ്ദനം. തടയ്യാനെത്തിയ വാർഡ് അംഗത്തിനും മർദ്ദനമേറ്റു. പത്തനാപുരം,​ നെടുംപറമ്പ് പാക്കണംകാലായി പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് അമ്മ ലീലാമ്മയെ മർദ്ദിച്ചത്. ലീലാമ്മയുടെ നിലവിളി കേട്ടാണ് അയൽ വാസിയും പഞ്ചായത്തംഗവുമായ അർഷ മോളും നാട്ടുകാരും ഓടിയെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദ്ദനം തടയാനെത്തിയ അർഷയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിന് പുറത്തേക്ക് തള്ളിയിട്ടാണ് ലീന മർദ്ദിച്ചത്. തുടർന്ന് നാട്ടുകാരും അർഷയുടെ ഭർത്താവുമുൾപ്പെടെ ചേർന്നാണ് ലീനയെ പിടിച്ചു മാറ്റിയത്. അർഷയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലീന മിക്ക ദിവസവും അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപമുണ്ട്. ലീന നാട്ടുകാരെ അസഭ്യം പറഞ്ഞെന്നും മർദ്ദിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ പത്തനാപുരം പൊലീസിന് കേസെടുത്തു.

പേരാവൂരിൽ അച്ഛന് ക്രൂരമർദ്ദനം; മകൻ അറസ്റ്റിൽ

പേരാവൂർ(കണ്ണൂർ)​: കുനിത്തല ചൗള നഗറിൽസ്വത്തിന് വേണ്ടി അച്ഛനെ മർദ്ദിച്ച കേസിൽ മകനെ അറസ്റ്റ് ചെയ്തു.ചൗള നഗറിലെ എടാട്ട് മാർട്ടിൻ ഫിലിപ്പിനെയാണ് (31) പേരാവൂർ സബ് ഇൻസ്‌പെക്ടർ എം.വി.കൃഷ്ണൻ അറസ്റ്റുചെയ്തത്.
മാർട്ടിന്റെ സഹോദരൻ സന്തോഷിന്റെ പരാതിയിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, നരഹത്യ, തടഞ്ഞ് വെക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മാർട്ടിൻ പിതാവ് പാപ്പച്ചിയെ(65)ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സന്തോഷ് മൊബൈലിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. സ്വത്ത് എഴുതി നല്കാനും പണം ആവശ്യപ്പെട്ടും മാർട്ടിൻ നിരന്തരം പാപ്പച്ചിയെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. കൂത്തുപറമ്പ് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement