മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് ചുമത്തിയത് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയത്. കെ. സുരേന്ദ്രനെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും ,പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചേർക്കണമെന്നും കേസിൽ സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിർദ്ദേശിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി ഇടക്കാല റിപ്പോർട്ട് നൽകിയത്. സുരേന്ദ്രൻ ഉൾപ്പടെ ആറു പേരാണ്
പ്രതികൾ.
മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ.സുരേന്ദ്രൻ മുൻകൈയെടുത്ത് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ,പിൻമാറുന്നതിനായി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ നേരത്തെ ചുമത്തിയിരുന്നു.കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
അതേ സമയം ,കേസിൽ പ്രധാന തെളിവായ ,സുരേന്ദ്രൻ ഉപയോഗിച്ച സ്മാർട്ട്‌ഫോൺ കണ്ടെടുത്ത് പരിശോധിക്കാൻ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും അത് നഷ്ടപ്പെട്ടെന്നാണ് സുരേന്ദ്രൻ അന്വേഷണസംഘത്തെ അറിയിച്ചത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
.