നേതാക്കളുടെ പേര് ദുരുപയോഗം ചെയ്ത് ജോലി വാഗ്ദാനം നൽകി പണംതട്ടാൻ ശ്രമം

Wednesday 08 June 2022 3:50 AM IST

പാലക്കാട്: നേതാക്കളുടെ പേരുപറഞ്ഞ് കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി ചൂണ്ടികാണിച്ച് എ.പ്രഭാകരൻ എം.എൽ.എ പരാതി നൽകി. സി.പി.എം കണ്ണൂർ, പാലക്കാട് ജില്ലാ സെക്രട്ടറിമാർ, കേരള ബാങ്ക് ഡയറക്ടർ എ.പ്രഭാകരൻ എം.എൽ.എ എന്നിവരുടെ പേര് ദുരുപയോഗം ചെയ്താണ് മലമ്പുഴ ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ സ്വദേശി സിദ്ദിഖ് എന്നിവർ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടുന്നതായി പറഞ്ഞ് എം.എൽ.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഉദ്യോഗാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പരാതിയോടൊപ്പം നൽകി. കേരള ബാങ്കിന്റെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിൽ ക്ലർക്ക് തസ്തികളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെടുന്നത്. കേരള ബാങ്ക് നിയമനങ്ങൾ പി.എസ്.സി വഴിയാണ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണമെന്നും തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും എ.പ്രഭാകരൻ എം.എൽ.എ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ച് നടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു.