കൺസെഷൻ കാർഡിനായി കയറിയിറങ്ങി വിദ്യാർത്ഥികൾ

Wednesday 08 June 2022 12:50 AM IST

ആലപ്പുഴ : കൺസെഷൻ കാർഡ് ലഭിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ഡിപ്പോ ഓഫീസിൽ കയറിയിറങ്ങി മടുത്തതായി വിദ്യാർത്ഥികൾ. ഉദ്യോഗസ്ഥരുടെ അടുത്തെത്തുമ്പോൾ, വിവിധ കാരണങ്ങൾ പറഞ്ഞ് തങ്ങളെ ഒഴിവാക്കുകയാണെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

ക്ലാസ് മുടക്കിയാണ് ഓരോ തവണയും കൺസെഷൻ കാർഡിനായി ആലപ്പുഴ ഡിപ്പോയിൽ എത്തുന്നത്. നാലു തവണ വന്നിട്ടും പലർക്കും കാർഡ് ലഭിച്ചില്ല. കാർഡ് നൽകാത്തതിന് വ്യക്തമായ മറുപടി ഉദ്യോഗസ്ഥർ നൽകുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. അതേസമയം കൺസെഷൻ നടപടികൾ സുഗമമായി മുന്നോട്ടു പോകുന്നുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പ്രതികരിച്ചു. ആലപ്പുഴ ഡിപ്പോയിൽ നിന്നു മാത്രം ഇതിനകം നൂറിലധികം വിദ്യാർത്ഥികൾക്ക് കൺസെഷൻ കാർഡ് നൽകിക്കഴിഞ്ഞു. കൂടുതലും സ്കൂൾ വിദ്യാർത്ഥികൾക്കാണ് നൽകിയത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കോളേജ്, ഐ.ടി.ഐ വിദ്യാർത്ഥികൾക്കും കൺസെഷൻ കാർഡിനായി ഡിപ്പോ ഓഫീസിലെ കൗണ്ടറിൽ സമീപിക്കാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

നാല് തവണ കൺസെഷൻ ആവശ്യത്തിന് വേണ്ടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി. ഓരോ തവണയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കി. വ്യക്തമായ നോട്ടീസ് പോലും ഓഫീസിൽ വച്ചിട്ടില്ല

- ദിൽഷാദ്, വിദ്യാർത്ഥി

കൺസെഷൻ കാർഡ് നൽകുന്നതിന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വ്യത്യസ്ത ദിവസങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഇതിലുണ്ടായ ആശയക്കുഴപ്പമാകാം ആരോപണത്തിന് കാരണം.

-അശോക് കുമാർ, എ.ടി.ഒ

Advertisement
Advertisement