അഞ്ചു ദിവസത്തേക്കുള്ള പാരസെറ്റമോളടക്കം 16 മരുന്നുകൾക്ക് കുറിപ്പടി വേണ്ട

Wednesday 08 June 2022 12:49 AM IST

ന്യൂഡൽഹി: അഞ്ചു ദിവസത്തേക്കുള്ള പാരസെറ്റമോളടക്കം 16 മരുന്നുകൾ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാവുന്ന വിധം ചട്ടം ഭേദഗതി ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കരട് വിജ്ഞാപനമിറക്കി. പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

പോവിഡോൺ അയോഡിൻ (ആൻഡിസെപ്‌റ്റിക്), ക്ളോറോ ഹെക്‌സൈഡിൻ മൗത്ത് വാഷ് (മോണ രോഗത്തിന്), ക്ളോട്രിമസോൾ (ആൻഡിഫംഗൽ ക്രീം), ഡെക്‌സ്ട്രോ മെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് ലോസെൻജെസ് (ചുമ), ഡൈക്ളോഫിനാക് ഓയിൽമെന്റ് (വേദനസംഹാരി), ബെൻസോയിൽ പെറോക്‌സൈഡ് (ചർമ്മരോഗത്തിനുള്ളത്), ഡൈഫെൻ ഹൈഡ്രാമിൻ ക്യാപ്‌സ്യൂൾസ് (അലർജിക്കുള്ളത്), മൂക്കടപ്പ്, മലബന്ധം തുടങ്ങിയവയ്‌ക്കുള്ള മരുന്നുകൾ എന്നിവയാണ് പട്ടികയിലുള്ളത്. എന്നാൽ ഒ.ആർ.എസ് പോലുള്ളവ ഇല്ലാത്ത പട്ടിക അപൂർണമാണെന്ന് വിദഗ്‌ദ്ധർ പറയുന്നു.
കുറിപ്പടയില്ലാതെ ഓവർ ദി കൗണ്ടർ (ഒ.ടി.സി) രീതിയിൽ വാങ്ങാനുള്ള നിർദ്ദേശമാണ് കരടിലുള്ളത്. പാക്കറ്റിൽ അഞ്ചു ദിവസത്തിൽ കൂടുതലുള്ള മരുന്ന് ഉണ്ടാകരുത്. അഞ്ചു ദിവസത്തിനുള്ളിൽ രോഗം മാറിയില്ലെങ്കിൽ ഡോക്‌ടറെ കാണണമെന്നും കരടിലുണ്ട്. തീരുമാനം നടപ്പിലാക്കാൻ 1945ലെ ഡ്രഗ്‌സ് റെഗുലേഷൻ നിയമത്തിൽ ഭേദഗതി ചെയ്യണം. ആവശ്യമെങ്കിൽ പട്ടിക വിപുലീകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം തീരുമാനം നടപ്പാക്കും.

Advertisement
Advertisement