മൃഗസംരക്ഷണ വകുപ്പിൽ ഉന്നത കസേരകളിൽ ആളില്ല

Wednesday 08 June 2022 1:06 AM IST

ആലപ്പുഴ : ജില്ലയിൽ മൃഗസംരക്ഷണ ഓഫീസറും ഹരിപ്പാട്, കൃഷ്ണപുരം എന്നീ ബ്ളോക്ക് തല മൃഗാശുപത്രികളിൽ സീനിയർ വെറ്ററിനറി സർജനും ഇല്ലാത്തത് ക്ഷീരകർഷകർക്കടക്കം തിരിച്ചടിയാകുന്നു. കഴിഞ്ഞവർഷം ജില്ലയിൽ കുളമ്പ് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഹരിപ്പാട്, കൃഷ്ണപുരം എന്നിവിടങ്ങളിലാണ്. കാലവർഷം കടുക്കുമ്പോഴുള്ള പ്രവർത്തനങ്ങളിലും ജില്ലാ മൃഗസംസരക്ഷണ ഓഫീസറുടെ അഭാവം നിഴലിക്കും. ഭാരിച്ച ഉത്തരവാദിത്വവും സാമ്പത്തിക ഇടപാടുകളും ഏറ്റെടുക്കാൻ താത്കാലിക ചുമതലക്കാരായ ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് കാരണം.

ആലപ്പുഴയടക്കം ഏഴു ജില്ലകളിൽ മൃഗസംരക്ഷണ ഓഫീസർമാരില്ലാതായിട്ട് ദിവസങ്ങൾ പിന്നിട്ടു. സംസ്ഥാനമാകെ 43 സീനിയർ വെറ്ററിനറി സർജൻമാരുടെയും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടറുടെയും ഒഴിവുകളുമുണ്ട്.കഴിഞ്ഞ 31ന് സർവീസിൽ നിന്നുള്ള കൂട്ടവിരമിക്കലാണ് ഇത്രയും ഒഴിവുകൾ ഒരുമിച്ച് വരാൻ കാരണം. നിലവിലുള്ള ജീവനക്കാർക്ക് സർവീസിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകി നിയമന ലിസ്റ്റ് തയ്യാറാക്കാൻ വൈകിയതാണ് പകരം നിയമനം വൈകുന്നത്.

ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന സീനിയർ വെറ്ററിനറി ഓഫീസർമാർക്കാണ് ഒഴിവുള്ള ജില്ലകളിൽ മൃഗസംരക്ഷണ ഓഫീസർമാരുടെ താത്കാലിക ചുമതല നൽകിയിട്ടുള്ളത്. വകുപ്പ് മന്ത്രിയും ഡയറക്ടറും അംഗങ്ങളായ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി കൂടിയാണ് സ്ഥാനക്കയറ്റ ലിസ്റ്റ് അംഗീകരിക്കുന്നത്. സർവീസിൽ നിന്ന് ഇത്രയും ജീവനക്കാർ വിരമിക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും ഡിപ്പാർട്ട്മെന്റൽ പ്രോമോഷൻ കമ്മിറ്റി നേരത്തെ കൂടി സ്ഥാനക്കയറ്റ ലിസ്റ്റ് അംഗീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഇപ്പോഴത്തെ അവസ്ഥയിൽ, പുതിയ നിയമനത്തിന് കുറഞ്ഞത് മൂന്ന് ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. സീനിയർ വെറ്ററിനറി സർജൻമാരുടെ സ്ഥാനക്കയറ്റ ലിസ്റ്റും ഇപ്പോൾ ഡി.പി.സിയുടെ പരിഗണനയിലാണ്. ഇതിൽ കൂടുതൽ പേരും വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്.

ഒഴിവുകൾ

 ജില്ലാ മൃഗ സംരക്ഷണ ഓഫീസർ : കണ്ണൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം എറണാകുളം, ആലപ്പുഴ

 ജോയിന്റ് ഡയറക്ടർ.....തിരുവനന്തപുരം ഡയറക്ടറേറ്റ്

 ഡെപ്യൂട്ടി ഡയറക്ടർ......ആലപ്പുഴ

Advertisement
Advertisement