ആർ ഡി ഒ കോടതിയിലെ തൊണ്ടിമുതലുകളിൽ വൻ തിരിമറി,​ സ്വർണത്തിന് പകരം മുക്കുപണ്ടം​

Wednesday 08 June 2022 2:13 AM IST

 മുഴുവൻ തൊണ്ടിമുതലുകളും പരിശോധിക്കും

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തൊണ്ടിമുതലുകളിൽ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. പേരൂർക്കട സി.ഐ അബ്ദുൾ ആസാദിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ആ‌ർ.ഡി.ഒ കോടതിയിലെ ലോക്കറുകളിൽ ശേഷിക്കുന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്.

ആർ‌.ഡി.ഒ ഓഫീസിലെ സ്റ്റോക്ക് രജിസ്റ്ററിൽ പറയുന്ന ഓരോ ഐറ്റങ്ങളും എണ്ണിയും പരിശോധിച്ചും കാണാതായ സാധനങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനിടയിലാണ് പുതിയ തട്ടിപ്പ് വ്യക്തമായത്. 2010 മുതലുള്ള തൊണ്ടികൾ അഴിച്ച് പരിശോധിച്ചപ്പോൾ മാലകളിൽ ചിലതിന്റെ നിറം മങ്ങിയതായി കണ്ടു. ഒറ്റനോട്ടത്തിൽ സ്വർണമല്ലെന്ന് സംശയം തോന്നിയതോടെ അപ്രൈസറുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കള്ളം പുറത്തായത്.

നാല് മാലകൾക്ക് പകരമാണ് മുക്കുപണ്ടം വച്ചത്. 10 പവനിലേറെ സ്വർണം ഇത്തരത്തിൽ അപഹരിച്ചതായും ഇതോടെ വ്യക്തമായി. ആർ.ഡി.ഒയുടെ പരാതിയിൽ പരാമർശിച്ചിരിക്കുന്നതിലധികം ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ മുഴുവൻ തൊണ്ടിമുതലുകളുടെയും മാറ്റ് പരിശോധിച്ച് കളവുമുതലിന്റെ തൂക്കം കൃത്യമായി തിട്ടപ്പെടുത്താനാണ് പൊലീസിന്റെ ആലോചന. രാത്രി വൈകിയും തൊണ്ടിമുതലുകളുടെ പരിശോധന തുടരുകയാണ്.

2010 മുതലുള്ള തൊണ്ടി മുതലുകൾ ഓരോ വർഷത്തെയും പ്രത്യേകം പ്രത്യേകം പായ്‌ക്ക് ചെയ്‌താണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിൽ പായ്‌ക്ക് ചെയ്‌ത് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ അടിച്ചുമാറ്റിയശേഷം സംശയിക്കാതിരിക്കാൻ സമാന രീതിയിലുള്ള മുക്കുപണ്ടം പകരം വയ്‌ക്കുകയായിരുന്നു.

തട്ടിപ്പിന്റെ രീതി പരിശോധിച്ചതിൽ നിന്ന് ഒന്നിലധികം ജീവനക്കാർക്ക് തട്ടിപ്പുമായി ബന്ധമുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. വിവിധ കാലയളവുകളിലായി സീനിയർ സൂപ്രണ്ടുമാരായിരുന്ന ചിലരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യുകയും പുതിയ തട്ടിപ്പുകൾ കണ്ടെത്തുകയും ചെയ്‌തെങ്കിലും പിന്നിൽ പ്രവർത്തിച്ചതാരെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

Advertisement
Advertisement