കേന്ദ്രമന്ത്രി​ക്ക് ഊണ് ചെല്ലമ്മയുടെ വീട്ടി​ൽ

Tuesday 07 June 2022 11:50 PM IST

ആലുവ:ഇസഡ് കാറ്റഗറി​ സുരക്ഷയുള്ള ​ കേന്ദ്രവാണി​ജ്യ മന്ത്രി​ പീ​യൂഷ് ഗോയൽ ഉച്ചയ്ക്ക് ഉൗണുകഴി​ക്കാൻ എത്തി​യത് കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസിന് തൊട്ടുചേർന്ന പട്ടികജാതി കോളനിയിലെ ചെല്ലമ്മ അയ്യരുടെ കൊച്ചുവീട്ടി​ൽ.

തമാശ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കോളനിവാസികളെ മന്ത്രി കൈയിലെടുത്തു. ഉച്ചയ്ക്ക് ഒന്നേകാലി​നെത്തി​യ മന്ത്രി ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ബി.ജെ.പി കളമശേരി മണ്ഡലം സെക്രട്ടറി സോജിയ ഷിബുവാണ് മൊഴിമാറ്റി കാര്യങ്ങൾ പറഞ്ഞത്.

കോളനിവാസികൾക്കും നാട്ടുകാർക്കും ബി.ജെ.പി പ്രവർത്തകർക്കുമൊപ്പം കാൽനടയായാണ് മന്ത്രി കോളനിയിലേക്ക് പ്രവേശിച്ചത്. കാത്തുനിന്നവരോടെല്ലാം കുശലം പറഞ്ഞു. ഹസ്തദാനവും നൽകി​. ഇടവഴിയരികിലെ അങ്കണവാടിയിലും കയറി​ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ചെല്ലമ്മ, മകൻ പുരുഷോത്തമൻ, മരുമകൾ ശാന്തിനി എന്നിവർ ചേർന്നാണ് മന്ത്രിയെ വരവേറ്റത്.

ചെല്ലമ്മയുടെ കുടുംബവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ മന്ത്രി വീട്ടുകാർക്കൊപ്പമിരുന്ന് വിഭവസമൃദ്ധമായ സദ്യ കഴിച്ചു. പായസവും ഇഷ്ടപ്പെട്ടു. സദ്യയെക്കുറിച്ച് മന്ത്രി പ്രതികരിച്ചത് 'അച്ഛാ നഹി, ബഹുത്ത് അഛാ' എന്നാണ്.

ചെല്ലമ്മയെ ഷാൾ അണിയിച്ച് മന്ത്രി കാൽതൊട്ട് വന്ദിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സെക്രട്ടറി ടി.പി. സിന്ധുമോൾ, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജിജി ജോസഫ് അടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടായിരുന്നു. മോദി സർക്കാരിന്റെ എട്ടാം വാർഷികം പ്രമാണിച്ച് മന്ത്രിമാർ ജനങ്ങൾക്കരികിലേക്ക് എത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം