ആറളം ഫാമിലെ ആദിവാസി വിദ്യാർത്ഥിനിയുടെ മരണത്തിൽ ബന്ധുക്കൾ: 'അഭിമാനം തകർത്തോ മൊഴിയെടുപ്പ് ?

Wednesday 08 June 2022 12:09 AM IST

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇടപെടലിൽ വീഴ്ചയെന്ന് ബന്ധുക്കൾ. പൊലീസ് മൊഴിയെടുക്കാൻ എത്തിയതിന് പിന്നാലെയാണ് പെൺകുട്ടി കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ആറളം ഫാം സ്‌കൂളിൽ നിന്നും എസ്. എസ്. എൽ.സി കഴിഞ്ഞ വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ പെൺകുട്ടി വീട്ടിനടുത്തുള്ള ബന്ധവും രണ്ടുമക്കളുള്ള യുവാവുമായി ഇഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു.
ഇക്കാര്യം ചൈൽഡ് ലൈൻ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച ആറളം സ്‌റ്റേഷനിലെ വനിതാ പൊലീസുകാർ കുട്ടിയുടെ മൊഴിയെടുക്കാനെത്തിയിരുന്നു. ആരും തന്നെ പീഡിപ്പിച്ചില്ലെന്നും തനിക്ക് പരാതിയൊന്നുമില്ലെന്നുമായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. പൊലീസ് മടങ്ങിയതിനു മൂന്ന് മണിക്കൂറിനു ശേഷം പെൺകുട്ടി മുറിക്കകത്ത് ജീവനൊടുക്കുകയായിരുന്നു. ജോലിക്ക് പോയ രക്ഷിതാക്കൾ തിരിച്ചുവന്നപ്പോഴാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ പൊലീസ് വിദ്യാർത്ഥിനിയുടെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്ന വിധത്തിൽ ചോദ്യം ചെയ്തിട്ടുണ്ടാകണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം. ഇക്കാര്യം അന്വേഷിക്കണമെന്നാണ് ആദിവാസി സംഘടനകളും ആവശ്യപ്പെടുന്നത്.

Advertisement
Advertisement