പച്ചക്കറി വണ്ടികളിൽ കടത്തിയത് 5270 കവർ ബീഡി ; 10 ലക്ഷം പിഴ

Wednesday 08 June 2022 12:51 AM IST

തിരുവനന്തപുരം:പച്ചക്കറി എത്തിക്കാൻ നികുതി ഇല്ലെന്ന പഴുതിൽ തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പച്ചക്കറി വാഹനങ്ങളിൽ ഒളിപ്പിച്ച് കടത്തിയ 5270 പാക്കറ്റ് ബീഡി ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം പിടികൂടി. രണ്ട് കേസിലുമായി ജി. എസ്. ടി നിയമത്തിലെ വകുപ്പ് 130 പ്രകാരം പത്ത് ലക്ഷം രൂപ പിഴ ഈടാക്കി.

ബീഡി കൊണ്ടുവരുമ്പോൾ പതിനെട്ട് ശതമാനം ജി. എസ്. ടി അടയ്‌ക്കണം. അത് വെട്ടിക്കാനാണ് പച്ചക്കറിക്കൊപ്പം ബീഡി കടത്തുന്നത്.

സംസ്ഥാന അതിർത്തികളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളുടെ സഹായത്തോടെ രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിലാണ്

ആര്യങ്കാവിൽ ടി.എൻ.36ബി. 5386 നമ്പർ പിക്കപ്പ് വാൻ കുടുങ്ങിയത്. പരിശോധനയിൽ നാല് കമ്പനികളുടെ 3320 പാക്കറ്റ് ബീഡി പിടിച്ചു. 5,31,200 രൂപ പിഴ ഈടാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടി.എൻ.76 എ.ആർ. 5087 നമ്പർ പിക്ക് അപ്പ് വാനിൽ നിന്ന് 1950 പാക്കറ്റ് ബീഡി പിടിച്ചത്. 4,80,000 രൂപ പിഴ ഈടാക്കി.

Advertisement
Advertisement