കിഴക്കേകോട്ടയുടെ മുഖച്ഛായ മാറ്റുന്ന ഫുട് ഓവർ ബ്രിഡ്‌ജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
തിരുവനന്തപുരം:തിരക്കിൽ വീർപ്പുമുട്ടുന്ന കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാർക്ക് ഇനി ഭയപ്പെടാതെ റോഡ് മുറിച്ചുകടക്കാം.ഇതിനായി കോർപ്പറേഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഫുട് ഓവർ ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.അടുത്തയാഴ്ച ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം കണക്കിലെടുത്താകും ഉദ്ഘാടന തീയതി തീരുമാനിക്കുകയെന്ന് കോർപ്പറേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.കഴിഞ്ഞ വർഷം നവംബറിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ‌് വിലങ്ങുതടിയായി.
പാത ഇങ്ങനെ
ഗാന്ധി പാർക്കിന് സമീപത്ത് നിന്നാരംഭിച്ച് ആറ്റുകാൽ ബസ് സ്റ്റോപ്പ്,കോവളം,വിഴിഞ്ഞം ബസ് സ്റ്റോപ്പുകളിലൂടെ പാളയം,സ്റ്റാച്യു ബസ് സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കുന്ന രീതിയിലാണ് പാത രൂപകല്പന ചെയ്തിരിക്കുന്നത്.ഇതിൽ ഗാന്ധിപാർക്കിന് സമീപവും കോവളം ബസ് സ്റ്റോപ്പ് ഭാഗത്തും ലിഫ്റ്റ് ഉണ്ട്.ആറ്റുകാൽ ബസ് സ്റ്റോപ്പ്,കോവളം ബസ് സ്റ്റോപ്പ് ഭാഗം,പാളയം ഭാഗം,ഗാന്ധി പാർക്കിന് സമീപം എന്നിവിടങ്ങളിൽ ഇറങ്ങാനും കയറാനും സൗകര്യമുണ്ട്. കയറാനുള്ള പടികളുടെ മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.നിർമ്മാണത്തിന് നഗരസഭയ്ക്ക് ഒരു രൂപയുടെ ചെലവുമില്ല.പകരം കമ്പനിക്ക് പരസ്യം പതിക്കാൻ അനുവാദം നൽകും.
തറക്കല്ലിടൽ രണ്ടുതവണ
2019 ജൂലായിൽ മേയർ ആയിരിക്കെ വി.കെ.പ്രശാന്ത് എം.എൽ.എയാണ് ഫുട്ഓവർ ബ്രിഡ‌്‌ജിന് ആദ്യം തറക്കല്ലിട്ടത്.എന്നാൽ, മറ്റു നടപടിക്രമങ്ങൾ മുന്നോട്ടു പോകാതിരുന്നതോടെ തറക്കല്ലിലൊതുങ്ങുകയായിരുന്നു.കോർപ്പറേഷനും റോഡ് ഫണ്ട് ബോർഡും തമ്മിലെ തർക്കവും നിർമ്മാണം വൈകാൻ ഇടയായി.പിന്നീട് വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രശാന്ത് എം.എൽ.എ ആയതിന് പിന്നാലെ മേയറായ കെ.ശ്രീകുമാർ വീണ്ടും തറക്കല്ലിട്ടു.ഇതും വിവാദമായിരുന്നു.കോട്ടമതിലിന്റെ ഭാഗത്തെ നിർമ്മാണത്തിനായി പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു.പിന്നീട് അധികൃതരുടെ ഇടപെടലുകളെ തുടർന്ന് നിർമ്മാണത്തിന് വേഗം കൂടി.
പ്രത്യേകതകൾ
ശീതീകരിച്ച പൊലീസ് എയ്ഡ് പോസ്റ്റ് 35 സി.സി.ടിവികൾ, ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തും നടപ്പാതയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചിത്രങ്ങൾ
സെൽഫി കോർണർ
'അഭിമാനം അനന്തപുരി സ്‌ക്വയർ', അംബേദ്കർ, നെഹ്റു, ഇ.എം.എസ്, അബ്ദുൾകലാം, ഗാന്ധിജി എന്നിവരുടെ 15 അടിയോളമുള്ള ചിത്രങ്ങൾ 600 ചതുരശ്ര അടിയിൽ 4 കെ എച്ച്.ഡി എൽ.ഇ.ഡി വാൾ
ചെലവ്: 4 കോടി
നീളം: 102 മീറ്റർ (ഏറ്റവും നീളം കൂടിയത്)
നിർമ്മാതാക്കൾ: ആക്‌സോ എൻജിനീയേഴ്സ്