പ്രവാചക പരാമർശം: ഇറാനെ മയപ്പെടുത്താൻ ഇന്ത്യ

Thursday 09 June 2022 12:30 AM IST

ന്യൂഡൽഹി: പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇറാനെ മയപ്പെടുത്താൻ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദൊള്ളാഹിയാനോട് കാര്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും. മുൻകൂട്ടി നിശ്ചയിച്ച സന്ദർശനമാണെങ്കിലും പ്രമുഖ ഇസ്ളാമികരാജ്യമായ ഇറാനെ മയപ്പെടുത്താൻ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു കേന്ദ്ര സർക്കാർ.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നടപടികളും ചർച്ചയായി. ഇന്ത്യയും ഇറാനും തമ്മിൽ ദീർഘകാലത്തെ സാംസ്‌‌കാരിക ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് വാക്‌സിൻ നൽകിയത് പോലെ ആരോഗ്യമേഖലയിൽ ഇന്ത്യയുടെ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം റൈസിക്ക് ആശംസ നേർന്നതിനൊപ്പം ഉടൻ നേരിൽ കാണുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രവാചക പരാമർശം ചില വ്യക്തികളുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വിശദീകരിച്ചു. അന്താരാഷ‌്‌‌ട്ര, പ്രാദേശിക വിഷയങ്ങളും ചർച്ചയായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ അധികാരമേൽക്കൽ ചടങ്ങ് അടക്കം രണ്ടു തവണ ഇറാൻ സന്ദർശിച്ച ജയശങ്കറിന് അവിടത്തെ രാഷ്‌ട്രീയ നേതൃത്വവുമായി നല്ല ബന്ധമുണ്ട്.

ഇന്ത്യയുടെ പങ്കാളിത്തമുള്ള ഇറാനിലെ ചബാഹർ തുറമുഖത്തിന്റെ ഷഹീദ് ബെഹസ്‌തി ടെർമിനൽ വികസനം അടക്കമുള്ള വിഷയങ്ങളും ഹൊസൈനുമായി ചർച്ച ചെയ്‌തു.

Advertisement
Advertisement