സ്കൂൾ പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പില്ല

Wednesday 08 June 2022 10:45 PM IST

തൃശൂർ: സ്‌കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കി ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ സംയുക്തപരിശോധന നടത്താൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചെങ്കിലും സംഘത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരില്ല. വിദ്യാഭ്യാസവകുപ്പ് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നിർദ്ദേശമോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും ജീവനക്കാരുടെ സ്‌ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരുടെ മറുപടി. അതേസമയം, ജീവനക്കാരും മേഖലാതല ഓഫീസർമാരും വേണ്ടത്രയില്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരുടെ വിശദീകരണം.

13 നിയോജക മണ്ഡലത്തിനും ഓരോ ഓഫീസർമാർ വേണം. എന്നാൽ ഒമ്പതുപേർ മാത്രമാണുള്ളതെന്നും പറയുന്നു. അതുകൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും നടപടികളും കാര്യക്ഷമമാകുന്നില്ലെന്ന പരാതിയുമുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണം ഇല്ലാതായതോടെ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണ സ്ഥാപനം കൂണ് പോലെ മുളച്ചുപൊന്തിയെങ്കിലും ശുചിത്വമോ ഭക്ഷണത്തിന്റെ ഗുണനിലവാരമോ ഉറപ്പു വരുത്താൻ സംവിധാനം കൂടിയില്ല.

മീനിൽ വിഷാംശമുണ്ടെന്ന് പരാതി ഉയരുമ്പോൾ മാത്രമാണ് പരിശോധന സജീവമാകുന്നത്. പരാതികളില്ലെങ്കിലും പരിശോധനയുമുണ്ടാവില്ല. സംസ്ഥാനത്ത് സ്‌കൂൾ തുറന്നതിന് പിന്നാലെ മൂന്ന് സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ സംഭവിച്ചതോടെയാണ് വിദ്യാഭ്യാസമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതലയോഗം വിളിച്ചത്. സ്‌കൂളുകളിൽ ഉപയോഗിക്കുന്ന വെള്ളവും പാചകപ്പുരയും പാത്രങ്ങളും ഉടൻ പരിശോധിക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയിരുന്നു.

ലാബുകൾ മൂന്ന്, കാത്തിരിക്കേണ്ടത് ആഴ്ചകൾ

ഭക്ഷ്യവിഷബാധ തുടരുമ്പോഴും, സാമ്പിളുകളുടെ ഫലം കിട്ടാൻ ആഴ്ചകളോ ഒരു മാസത്തിലേറെയോ കാത്തിരിക്കണം. ഏറെ സങ്കീർണവും ചെലവേറിയതുമായ പരിശോധനകൾക്ക് സംസ്ഥാനത്ത് മൂന്ന് മേഖലാ ലാബുകളാണുള്ളത്. മൈക്രോബയോളജിസ്റ്റുകൾ അടക്കമുളള ജീവനക്കാരുടെ ക്ഷാമവും പരാതികൾക്കിടയാക്കിയിരുന്നു. ഇതിനിടയിലാണ് ജീവനക്കാരില്ലാത്തതിന്റെ പേരിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനവും താളം തെറ്റുന്നത്. 14 ദിവസത്തിനുള്ളിൽ ഫലം കിട്ടുമെന്നാണ് പറയുന്നതെങ്കിലും മിക്കവാറും പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കാൻ ഒരു മാസം വേണ്ടി വരും. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം താത്കാലിക ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പറയുന്നു. മികച്ച സാങ്കേതികജ്ഞാനം ആവശ്യമുള്ള ഇത്തരം ലാബുകളിൽ പരിചയസമ്പന്നരായ ജീവനക്കാരില്ലാത്തതും ആക്ഷേപങ്ങൾക്ക് വഴിയൊരുക്കുന്നു.

പ്രത്യാഘാതങ്ങളേറെ

ഭക്ഷണത്തിലെ വിഷബാധയുണ്ടായാൽ കൃത്യസമയത്ത് പരിശോധിച്ചില്ലെങ്കിൽ ഫലം കൃത്യമാവില്ല.
ഭക്ഷ്യസുരക്ഷാ പരാതികളിൽ പരിശോധനാ ഫലം നിർണ്ണായകമായതിനാൽ കോടതികളിൽ കേസ് തോൽക്കും
സർക്കാർ സംവിധാനമല്ലാതെ ഭക്ഷ്യ ഉത്പന്നങ്ങളുടെ പരിശോധനയ്ക്ക് സാധാരണക്കാർക്ക് മറ്റൊരു ആശ്രയവുമില്ല.

Advertisement
Advertisement