എം. സി. സിക്ക് സുപ്രീം കോടതി വിമർശനം, നീറ്റ് പി. ജി സീറ്റുകൾ നികത്താതെ വിദ്യാർത്ഥികളുടെ ഭാവി പന്താടുന്നു

Thursday 09 June 2022 1:33 AM IST

ന്യൂഡൽഹി:ഒഴിഞ്ഞു കിടക്കുന്ന നീറ്റ് പി. ജി. സീറ്റുകൾ നികത്താതെ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി വിദ്യാർത്ഥികളുടെ ഭാവി പന്താടുകയാണെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുക മാത്രമല്ല യോഗ്യതയുള്ള ഡോക്ടർമാരുടെ അഭാവത്തിനും ഇടയാക്കുമെന്ന് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ ക്വോട്ടയിലെ ഒഴിവുകളിലേക്ക് പരിഗണിക്കാൻ സ്ട്രേറൗണ്ട് കൗൺസലിംഗ് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം. 2021ലെ നീറ്റ് പി.ജി അഖിലേന്ത്യാ ക്വോട്ടയുടെ രണ്ട് റൗണ്ടുകളിലും സംസ്ഥാന ക്വോട്ട കൗൺസലിംഗിലും തുടർന്നുള്ള അഖിലേന്ത്യ, സംസ്ഥാന മോപ്പ് അപ് റൗണ്ടുകളിലും പങ്കെടുത്ത ഡോക്ടർമാരാണ് ഹർജിക്കാർ.

ഒഴിഞ്ഞ ഒരു സീറ്റ് പോലും നികത്താതെ പോകരുത്. സീറ്റ് ഒഴിഞ്ഞ് കിടക്കാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ്. മേയിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത് അറിഞ്ഞപ്പോൾ തന്നെ മോപ്പ് അപ്പ് റൗണ്ട് നടത്തണമായിരുന്നു. 1,456 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. കൗൺസലിംഗിന്റെ മദ്ധ്യത്തിൽ സീറ്റുകൾ കൂട്ടി ചേർക്കുന്നത് അഴിമതിക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും കോടതി വിമർശിച്ചു.

സർക്കാരിനും അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിക്കും ഹർജിയുടെ പകർപ്പ് നൽകാൻ ഹർജിക്കാരോട് നിർദ്ദേശിച്ചിട്ടും കേന്ദ്രത്തിന്റെ അഭിഭാഷകരാരും ഹാജരാകാത്തത് കോടതിയെ കൂടുതൽ ചൊടിപ്പിച്ചു. അഡിഷണൽ സോളിസിറ്റർ ജനറൽ ബൽബീർ സിംഗ് വ്യക്തിപരമായ ബുദ്ധിമുട്ട് കാരണമാണ് ഹാജരാകാതിരുന്നതെന്ന് കേന്ദ്രം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിലെ പ്രധാന വിഷയമാണിത്. കേന്ദ്രത്തെ ഭരിക്കുന്നത് ഒരു ഉദ്യോഗസ്ഥനല്ല. അദ്ദേഹത്തോട് വ്യാഴാഴ്ച്ച ഹാജരാകാൻ പറയൂ. കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയും ബുധനാഴ്ച്ച തന്നെ മറുപടി ഫയൽ ചെയ്യാനും കോടതി ഉത്തരവിട്ടു. ഇന്ന് വാദം തുടരും.

Advertisement
Advertisement